മാനവികതയിൽ അധിഷ്ഠിതമായ ഉന്നത കലാമൂല്യമുള്ള സിനിമകൾ മലയാളത്തിൽ സൃഷ്ടിക്കാൻ ചലച്ചിത്രപ്രവർത്തകർ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാള സിനിമയുടെ നവതി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കലയെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും അടിച്ചമർത്തുന്ന ഫാസിസ്റ്റ് പ്രവണതകൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. മതമൗലികവാദികൾക്കിടയിൽ അസഹിഷ്ണത വർദ്ധിച്ചു വരുന്ന കാലമാണിത്. ജാതിചിന്തകൾ ശക്തമാകുന്ന ഭീതിജനകമായ കാഴ്ചയാണിപ്പോൾ. ആദിവാസി യുവാവിനെ തല്ലിക്കൊല്ലുകയും ദളിത് കലാകാരന്റെ മൃതദേഹത്തോട് അനാദരവ് കാട്ടുകയും ചെയ്യുന്നത് നാം കണ്ടു. ഈ കാലഘട്ടത്തിൽ കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ തിരിച്ചുപിടിക്കേണ്ടതുണ്ട്. ഈ വെല്ലുവിളി ഏറ്റെടുക്കാൻ ചലച്ചിത്ര കലാകാരൻമാർ തയ്യാറാവണം.
നവോത്ഥാന കേരളം പിൻതിരിഞ്ഞു നടന്നതിനൊപ്പം മലയാള സിനിമയും ഇടക്കാലത്ത് പിന്നോട്ടുപോയി. ചില സിനിമകൾ കേരളത്തിന്റെ മതേതരമൂല്യത്തിനേൽപ്പിച്ച ആഘാതം ചെറുതല്ല. ആൺകോയ്മയുടെ ആധിപത്യത്തിൽ സ്ത്രീ സമൂഹം അധിക്ഷേപിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. മണ്ണിനോടും മനുഷ്യനോടും കൂറുള്ള ചലച്ചിത്ര പ്രവർത്തകരാണ് മലയാള സിനിമയ്ക്ക് അഭിമാനകരമായ നേട്ടങ്ങൾ നേടിക്കൊടുത്തതെന്ന് പുതിയ സംവിധായകർ ഓർക്കണം. മലയാള സിനിമ മണ്ണും മനുഷ്യനും പൊള്ളുന്ന ജീവിതവും പ്രതിഫലിപ്പിക്കുന്ന സംസ്‌കാരത്തിൽ നിന്ന് അകന്ന് കേവലം കൗതുക സിനിമകൾ സൃഷ്ടിക്കുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ കാലത്ത് സിനിമയിൽ വർണപ്പൊലിമ നിറയുന്നു.
ഓരോ കാലത്തെയും ജീവിതാവസ്ഥയെ മാറ്റിമറിച്ച സമര ഇടപെടലുകളെ മലയാള സിനിമ അടയാളപ്പെടുത്തിയിട്ടുണ്ട്. കോളനിവാഴ്ചയ്‌ക്കെതിരെ നിലകൊണ്ട സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും ജാതീയതയ്‌ക്കെതിരെ പ്രവർത്തിച്ച നവോത്ഥാന പ്രസ്ഥാനങ്ങളും ജൻമിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും മലയാള സിനിമയുടെ ആദ്യകാലത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിന്റെ ജീവിത പുരോഗതിയെ സാംസ്‌കാരികമായി പ്രതിഫലിപ്പിക്കാനും സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കേരള സംസ്‌കാരത്തെ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനും മികച്ച സംഭാവന അന്നത്തെ സിനിമകൾ നൽകി. സാംസ്‌കാരികമായ നയതന്ത്ര ദൗത്യം അന്താരാഷ്ട്രതലത്തിൽ വിജയകരമായി ഏറ്റെടുക്കാൻ കഴിഞ്ഞ മാധ്യമമാണ് സിനിമ. ഉയർന്ന സാക്ഷരതയ്‌ക്കൊപ്പം ഉന്നതമായ ദൃശ്യസാക്ഷരതയും ചലച്ചിത്രാസ്വാദന ശേഷിയുമുള്ള നാടായാണ് കേരളം ലോകമാകെ അറിയപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹ്യജീവിതത്തിന്റെ ഗതി നിർണയിക്കുന്നതിലും ആശയരൂപീകരണത്തിലും സാംസ്‌കാരിക വളർച്ച യിലും മലയാള സിനിമ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി എ. കെ. ബാലൻ പറഞ്ഞു. കെ. ജെ. യേശുദാസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, കെ. ടി. ഡി. സി ചെയർമാൻ എം. വിജയകുമാർ, ചലച്ചിത്ര അക്കാഡമി വൈസ് ചെയർപേഴ്‌സൺ ബീനാപോൾ, സെക്രട്ടറി മഹേഷ് പഞ്ചു, ചലച്ചിത്ര പ്രവർത്തകരായ കെ. പി. എ. സി ലളിത, ജി. കെ. പിള്ള, കെ. ജി. ജോർജ്, സിബി മലയിൽ, എം. രഞ്ജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.
മാനവികതയിൽ അധിഷ്ഠിതമായ ഉന്നത കലാമൂല്യമുള്ള സിനിമകൾ മലയാളത്തിലുണ്ടാവണം: മുഖ്യമന്ത്രി
Home /പൊതു വാർത്തകൾ/മാനവികതയിൽ അധിഷ്ഠിതമായ ഉന്നത കലാമൂല്യമുള്ള സിനിമകൾ മലയാളത്തിലുണ്ടാവണം: മുഖ്യമന്ത്രി