സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവന പദ്ധതിയായ ലൈഫ് മിഷനില്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ വീടുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നിര്‍ദേശിച്ചു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മിഷന്റെ ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക്തലത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കെട്ടിട നിര്‍മാണത്തിനുള്ള കട്ടകള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ ആരംഭിക്കുന്നത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുമെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു.
ആദ്യഘട്ടത്തില്‍ 4895 വീടുകളാണ് പദ്ധതിയിലുള്ളത്. ഇതില്‍ 349 വീടുകള്‍ പൂര്‍ത്തീകരിച്ചു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കണമെന്ന് അവലോകനത്തിന് നേതൃത്വം നല്‍കിയ മിഷന്‍ സംസ്ഥാന ഡെപ്യൂട്ടി സി.ഇ.ഒ കെ.വി. ബാബുക്കുട്ടന്‍ നായര്‍ നിര്‍ദേശിച്ചു.
സംസ്ഥാന മിഷന്‍ പ്രോഗ്രാം മാനേജര്‍മാരായ മുഹമ്മദ് ഹുവൈസ്, അജിത, ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ എ. ലാസര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി. പ്രദീപ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എം. നജീം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മനുഭായി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദേ്യാഗസ്ഥര്‍, നിര്‍വഹണ ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.