തൃശൂർ: പത്ത് ദിവസത്തെ അടച്ചിടലിനും അണുനശീകരണത്തിനും ശേഷം പുത്തൻചിറ സാമൂഹികാരോഗ്യ കേന്ദ്രം തുറന്നു പ്രവർത്തിക്കാനാരംഭിച്ചത് സംസ്ഥാനത്തിന് തന്നെ മികച്ച മാതൃക നൽകിക്കൊണ്ടാണ്. കേരളത്തിലെമ്പാടും ആരോഗ്യ പ്രവർത്തകരിൽ നിന്നു വരെ കോവിഡ് വ്യാപനം സംഭവിച്ചപ്പോൾ, ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. രോഗം സ്ഥിരീകരിച്ച രണ്ട് ആരോഗ്യപ്രവർത്തകരിൽ നിന്ന് ഒരാളിലേയ്ക്കും രോഗം പകർന്നില്ല എന്നതാണ് പുത്തൻചിറ സ്വീകരിച്ച സുരക്ഷാ മാനദണ്ഡങ്ങളുടെ വിജയം.
രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട നൂറ് പേരുടെയും പരിശോധന ഫലം നെഗറ്റീവായതോടെ സർക്കാർ നിർദ്ദേശിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളുടെ വിജയവും, വിശ്വാസ്യതയുമാണ് വെളിവാകുന്നത്.
വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന സാമൂഹിക ആരോഗ്യ കേന്ദ്രം ഒ.പി. ബ്ലോക്കുകൾ രണ്ടായി തിരിച്ചാണ് കോവിഡ് പ്രതിരോധ പ്രവർത്തനം ആരംഭിക്കുന്നത്. മാതൃ -ശിശു വയോജന ക്ഷേമ ബ്ലോക്ക് എന്ന നിലയിൽ പ്രഥമ പരിഗണനയിലുള്ളവർക്കായി സുരക്ഷിത സ്ഥാനം ഒരുക്കി, അവരിലേക്ക് രോഗ പകർച്ച വരാതിരിക്കാൻ മുൻകരുതൽ എടുത്തു.
ഇതോടെ കേരളത്തിൽ ആദ്യമായി മാതൃ-ശിശു വയോജനങ്ങൾക്കായി അണുബാധ നിയന്ത്രിത സംരക്ഷണ മേഖലയൊരുക്കുന്ന സി എച്ച് സിയായി പുത്തൻചിറ. കോവിഡ് പശ്ചാത്തലത്തിൽ കൃത്യമായ സാമൂഹിക അകലം പാലിച്ച് ചികിത്സ നടത്താൻ പുതിയ ബ്ലോക്കിൽ സംവിധാനമൊരുക്കി.
വയോജനങ്ങൾ, ശിശുക്കൾ, ഗർഭിണികൾ, ജീവിതശൈലീരോഗികൾ എന്നിവരിൽ പകർച്ചവ്യാധി ലക്ഷണമായ പനി ഇല്ലാത്തവർക്ക് മാത്രമായി നിയന്ത്രിച്ചു. പ്രത്യേകം ഗ്രീൻ പാസ് സംവിധാനവും ഹെൽപ് ഡെസ്‌കും ഒരുക്കി. തെർമൽ സ്‌കാനിങ്ങ് നടത്തി ഗ്രീൻ പാസ് മുഖേനയാണ് അകത്തേക്കുളള പ്രവേശനം. ബ്ലോക്കിലെത്തുന്ന രോഗികളുടെ വിശദമായ ഡാറ്റ ശേഖരിച്ചാണ് ഗ്രീൻ പാസ് നൽകുന്നത്. അവരുടെ വാർഡ്, വീട്ട് നമ്പർ, ഫോൺ നമ്പർ, എൻട്രി ടൈം, വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവർ ഉണ്ടോ, കോവിഡ് രോഗികൾ ഉണ്ടോ, എന്നിങ്ങനെയുള്ള വിശദമായ ഡാറ്റാ വിശകലനത്തിന് ശേഷമാണ് ഗ്രീൻ പാസ് ലഭിക്കുക. പാസ് ലഭിക്കാത്തവർക്ക് ജനറൽ ഓപിയോട് ചേർന്ന് തന്നെ പ്രത്യേക ഇടത്തിൽ പരിശോധന ലഭ്യമാക്കി. ഇതെല്ലാം രോഗവ്യാപനം തടയുന്നതിന് സഹായിച്ചു.
സർവ്വൈലൻസ് സാംപിൾ എന്ന നിലയിൽ കൂടുതൽ പേരുമായി ഇടപെടുന്ന ഹെൽപ്പ് ഡസ്‌ക് ജീവനക്കാരുടെ സാംപിൾ പരിശോധിച്ചിരുന്നു. ഇത് രോഗം ആരോഗ്യ പ്രവർത്തകരിൽ മുൻകൂട്ടി കത്തെി സമ്പർക്ക രോഗവ്യാപനം ഒഴിവാക്കുന്നതിൽ സഹായകമായതായി മെഡിക്കൽ ഓഫീസർ ടി വി ബിനു പറഞ്ഞു.
എച്ച്.എം.സിമീറ്റിങ്ങുകളിൽ ജീവനക്കാർ പാലിക്കേ സുരക്ഷാ മാനദണ്ഡങ്ങളും വേ ഭൗതിക സാഹചര്യങ്ങളും ലഭ്യമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് വിവിധ ഫണ്ടുകൾ ഉപയോഗപ്പെടുത്തി അവ ജീവനക്കാർക്ക് ലഭ്യമാക്കി കൊടുക്കുകയും ചെയ്തു. മാസ്‌കുകളിൽ രോഗവ്യാപനം കുറയ്ക്കുന്ന തരമായ എൻ 95, ട്രിപ്പിൾ ലെയർ എന്നിവ എംഎൽഎ ഫണ്ട്, എൻ ആർ എച്ച് എം ഫണ്ട് എന്നിവ വിനിയോഗിച്ച് ആവശ്യമായ രീതിയിൽ എത്തിച്ചു. സർക്കാർ വിതരണം ചെയ്ത സാനിറ്റൈസർ, എൻ 95, ട്രിപ്പിൾ ലെയർ മാസ്‌കുകൾ എന്നിവ ഫലപ്രദമായി ഉപയോഗിച്ചതും രോഗ പകർച്ചയെ 100 ശതമാനം തടയാൻ സാധിച്ചു.
രോഗം സ്ഥിരീകരിച്ച ഒരു ആരോഗ്യപ്രവർത്തകയ്ക്കും കുടുംബത്തിനും നേരെയുണ്ടായ അപമാനശ്രമം ദൗർഭാഗ്യകരമാണെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു. ഭർത്താവിന്റെയും കുഞ്ഞിന്റെയും ചിത്രം സഹിതം വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങുകയാണ് ഇവർ.