സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലുള്ള എല്ലാ വീടുകളിലും പൈപ്പിലൂടെ ഗുണനിലവാരമുള്ള കുടിവെള്ളം എത്തിക്കുന്നതിനായുള്ള ജലജീവൻ മിഷൻ വഴി ഈ വർഷം 21 ലക്ഷം കണക്ഷൻ നൽകും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

സംസ്ഥാനത്ത് 67.40 ലക്ഷം ഗ്രാമീണ വീടുകളുണ്ട്. ഇതിൽ 18.30 ലക്ഷം വീടുകൾക്ക് നിലവിൽ ശുദ്ധജല കണക്ഷൻ ഉണ്ട്. ബാക്കിയുള്ള 49.11 ലക്ഷം വീടുകളിൽ 2024ഓടെ  കുടിവെള്ള കണക്ഷൻ നൽകാനാണ് ജലജീവൻ മിഷൻ ലക്ഷ്യമിടുന്നത്.

പഞ്ചായത്തുതലത്തിലാണ് പദ്ധതി നിർവഹണം. ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട സ്റ്റാന്റിങ് കമ്മിറ്റിയുമായിരിക്കും പദ്ധതി നടത്തിപ്പിന് നേതൃത്വം നൽകുന്നത്. ലൈഫ് മിഷൻ മാതൃകയിൽ എംഎൽഎ ഫണ്ട് ഈ പദ്ധതിക്കായി ചെലവഴിക്കാൻ കഴിയും.
ഇതു വരെ 332 പഞ്ചായത്ത് ഭരണ സമിതികൾ തീരുമാനം എടുത്തിട്ടുണ്ട്. പദ്ധതി പൂർത്തീകരിക്കുന്നതോടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ കുടിവെള്ള പ്രശ്‌നങ്ങൾക്ക് പൂർണമായും പരിഹാരമുണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.