മട്ടാഞ്ചേരി വുമണ്‍ ആന്റ് ചൈല്‍ഡ് ആശുപത്രി കോവിഡ് ആശുപത്രിയായി ഉയര്‍ത്തും
എറണാകുളം: മട്ടാഞ്ചേരി വുമണ്‍ ആന്റ് ചൈല്‍ഡ് ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി ഉയര്‍ത്താൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. പശ്ചിമ കൊച്ചിയിലെ കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് ഉതകുന്നവിധം ആശുപത്രി സജ്ജമാക്കുവാനാണ് ലക്ഷ്യമിടുന്നത്. ആശുപത്രി നവീകരണത്തിനായി കെ.ജെ മാക്‌സി എം.എല്‍.എ അനുവദിച്ച ഒരു കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായും ജില്ലാ കളക്ടര്‍ പറഞ്ഞു.
മട്ടാഞ്ചേരി വുമണ്‍ ആന്റ് ചൈല്‍ഡ് ആശുപത്രി പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, ചെല്ലാനം, കുമ്പളം പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനമാകും. ആശുപത്രി നവീകരണ പ്രവര്‍ത്തനങ്ങൾ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ കെ.ജെ മാക്‌സി എം.എല്‍.എ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.