ഒ.ആര്‍എസ്. വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന വനിതാ ശിശുവികസന വകുപ്പും, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സും സംയുക്തമായി സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ബോധവത്കരണം നടത്തുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

‘വയറിളക്ക നിയന്ത്രണം ഒ.ആര്‍.എസ്. ലായിനിയിലൂടെയും സിങ്കിലൂടെയും’ എന്ന വിഷയത്തെ ആസ്പദമാക്കി ജൂലൈ 25ന് വൈകുന്നേരം 3 മണി മുതല്‍ 4 മണി വരെയാണ് ക്ലാസ് നടത്തുന്നത്. വയറിളക്കത്തിനുള്ള ഏക പ്രതിരോധ മാര്‍ഗമാണ് ഒ.ആര്‍.എസ്. ലായിനി. വയറിളക്കം ബാധിക്കുന്ന കുട്ടികള്‍ക്ക് ഒ.ആര്‍.എസ്. ലായിനി നല്‍കുന്നതിലൂടെ ഒട്ടേറെ ശിശുമരണങ്ങള്‍ കുറയ്ക്കാന്‍ കഴിയും. ഒ.ആര്‍.എസ്. ലായിനിയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.