മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങളുടെ ഭാഗമായി ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷനും. മത്സ്യബന്ധന യാനങ്ങള്‍ കടലില്‍ പോകുന്നതും മടങ്ങുന്നതും അവയിലെ മത്സ്യത്തൊഴിലാളികളെയും സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്ന സാഗര എന്ന ആപ്ലിക്കേഷന്‍ ഫിഷറീസ് വകുപ്പിനുവേണ്ടി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് തയ്യാറാക്കിയിട്ടുള്ളത്.
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ബോട്ടുടമകളുടെ സംഘടനാ പ്രതിനിധി പീറ്റര്‍ മത്തിയാസിന് പരിചയപ്പെടുത്തിക്കൊണ്ട് ആപ്ലിക്കേഷന്‍ പുറത്തിറക്കി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഭാവിയിലും പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് കളക്ടര്‍ പറഞ്ഞു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ്  ഓഫീസര്‍ വി.കെ. സതീഷ് കുമാര്‍ ക്ലാസെടുത്തു.
ആന്‍ഡ്രോയ്ഡ് 4.4 മുതലുള്ള പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന സാഗര ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. മലയാളം, ഇഗ്ലീഷ്, തമിഴ് എന്നീ ഭാഷകളില്‍ ലഭ്യമാണ്.
നിലവില്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ കൃത്യമായ വിവരം  ലഭ്യമല്ലാത്തത് കടല്‍ക്ഷോഭമുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകാറുണ്ട്. ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് സാഗര വികസിപ്പിച്ചെടുത്തിട്ടുള്ളത്.
ബോട്ട് ഉടമകള്‍ക്കോ അവരുടെ പ്രതിനിധികള്‍ക്കോ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. ബോട്ട് കടലില്‍ പോകുന്നതിന് മുന്‍പ് യാത്രാ ദിശയും യാത്രക്കാരുടെ     പട്ടികയും ആപ്ലിക്കേഷനില്‍ നല്‍കണം. ഈ ആപ്ലിക്കേഷനില്‍ മൊബൈല്‍ നമ്പര്‍   രജിസ്റ്റര്‍ ചെയ്യുന്നതിന് തൊട്ടടുത്തുള്ള ഫീഷറീസ് ഓഫീസില്‍ സഹായം തേടാം.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി. സുരേഷ്‌കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ രമേശ് ശശിധരന്‍,      മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സബ് ഇന്‍സ്‌പെക്ടര്‍ സുമേഷ്, എന്‍.ഐ.സി അസിസ്റ്റന്റ് ഓഫീസര്‍മാരായ എന്‍. പത്മകുമാര്‍, സുമേജ് ബാബു, ഇന്ദുശേഖര്‍, വി.വി. അനില്‍, ബോട്ടുടമകളുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍   പങ്കെടുത്തു.