ആലപ്പുഴ: പുന്നയൂർക്കുളം പഞ്ചായത്തിലെ തിരക്കേറിയതും പ്രധാനപ്പെട്ടതുമായ ഉപ്പുങ്ങൽ കടവ്, ആൽത്തറ-പനന്തറ എന്നീ പ്രധാന റോഡുകൾക്ക് ഭരണാനുമതി ലഭിച്ചു. ഉപ്പുങ്ങൽ കടവിന് രണ്ടര കോടിയും ആൽത്തറ-പനന്തറ റോഡിന് രണ്ട് കോടിയും പാസായി. റോഡുകൾ ബിഎംബിസി നിലവാരത്തിൽ നവീകരിക്കുന്നതിന് കേരള സർക്കാരിന്റെ ബജറ്റിൽ തുക വകയിരുത്തിയ റോഡുകൾക്കാണ് ഭരണാനുമതി ലഭിച്ചത്.

റോഡുകളുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാക്കി. സാങ്കേതിക അനുമതി ലഭിച്ചാൽ ടെണ്ടർ നടപടി ആരംഭിക്കും. റോഡ് റബറൈസേഷൻ പ്രവൃത്തികൾക്ക് പുറമെ ആവശ്യമായ സ്ഥലങ്ങളിൽ കാനകളും കൾവെർട്ടുകളും നിർമ്മിക്കും. കഴിഞ്ഞ പ്രളയങ്ങളിൽ വെള്ളം കയറി ഗതാഗതം പൂർണ്ണമായും തടസപ്പെട്ട സ്ഥലങ്ങളിൽ റോഡ് ഉയർത്തി നിർമ്മിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ടെണ്ടർ നടപടികൾ പൂർത്തിയാക്കിയാൽ റോഡ് നിർമ്മാണം വേഗത്തിൽ ആരംഭിക്കാനാകുമെന്ന് പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപ് പറഞ്ഞു.