തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതുകൊണ്ട് കോവിഡ് 19 രോഗവ്യാപന സാധ്യത കുറയ്ക്കാൻ കഴിഞ്ഞതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കോവിഡ് ഭീഷണി ഇപ്പോഴും നിലനിൽക്കുന്നതിനാൽ ലോക്ക് ഡൗൺ അവസാനിപ്പിക്കുന്നത് ഗുണകരമാകില്ല. എന്നാൽ ലോക്ക്ഡൗണിനുള്ളിൽ നിന്നുകൊണ്ടുതന്നെ പരമാവധി ഇളവുകൾ നൽകുന്നകാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ലോക്ക്ഡൗൺ കാരണം നിരവധിപേർ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

ഇവരെക്കൂടി മുന്നിൽക്കണ്ടാണ് ഇളവുകൾ പ്രഖ്യാപിക്കുക. ജില്ലയുടെ നിലവിലെ സാഹചര്യവും ഏർപ്പെടുത്തേണ്ട ഇളവുകളെപ്പറ്റിയും ജില്ലാ ഭരണകൂടം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. ഇവ പരിഗണിച്ചാകും പുതിയ പ്രഖ്യാപനമുണ്ടാവുക. ജില്ലയിൽ കോവിഡ് പരിശോധനകളുടെ എണ്ണം കുറയ്ക്കുന്നു എന്നത് വ്യാജപ്രചരണമാണ്. പരിശോധനകളുടെ എണ്ണം ദിനംപ്രതി വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ബ്രേക്ക് ദ ചെയിൻ, എസ്.എം.എസ് (സോപ്പ്, മാസ്‌ക്ക്, സോഷ്യൽ ഡിസ്റ്റൻസിംഗ്) പോലുള്ള ക്യാമ്പയിനുകൾ പൊതുജനങ്ങൾക്ക് മികച്ച അവബോധം നൽകുന്നുണ്ട്. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കാൻ തയ്യാറാകണം. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ല അതീവ ജാഗ്രത തന്നെയാണ് ഇനിയും വേണ്ടതെന്നും മന്ത്രി പറഞ്ഞു.

അവലോകന യോഗം ചേർന്നു

ജില്ലയിലെ കോവിഡ്19 സാഹചര്യം ചർച്ച ചെയ്യുന്നതിനായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കവടിയാർ ഗോൾഫ് ക്ലബ്ബിൽ അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ, ഇൻസിഡന്റ് കമാൻഡർമാരായ യു.വി ജോസ്, ബിജു പ്രഭാകർ, വെങ്കിടേശപതി, എം.ജി രാജമാണിക്യം, ഹരികിഷോർ, ബാലകിരൺ, ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടർ അനു.എസ് നായർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. മൂന്നു തീരദേശ സോണുകളിലെയും പ്രതിരോധ പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.