പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെയും  സംയുക്ത ആഭിമുഖ്യത്തില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ 15 വാര്‍ഡുകളിലായി രണ്ടു ലക്ഷം വാഴവിത്ത് വിതരണം ആരംഭിച്ചു. 2020-2021 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തിന്റെ 35 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ ഒരു ലക്ഷം രൂപയും വിനിയോഗിച്ചാണ് ഞാലിപ്പൂവന്‍, പൂവന്‍ വാഴവിത്തുകള്‍ വിതരണം നടത്തുന്നത്.
ബുധനാഴ്ച ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, പത്ത് വാര്‍ഡുകളില്‍ വാഴവിത്തുകള്‍ വിതരണം നടത്തി. പത്താം വാര്‍ഡിലെ വാഴ വിത്തുകളുടെ വിതരണം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ശ്രീകുമാര്‍, ടി.പി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ആറാം വാര്‍ഡിലെ വാഴ വിത്തുകളുടെ വിതരണ ഉദ്ഘാടനം വാര്‍ഡ് അംഗം നിഷ അലക്‌സും ഏഴാം വാര്‍ഡിലെ വിതരണം വാര്‍ഡ് അംഗം വക്കച്ചന്‍ പൗവ്വത്തും നിര്‍വ്വഹിച്ചു. വരുന്ന ഒരാഴ്ചക്കുള്ളില്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ ഗുണഭോക്താക്കള്‍ക്കും വാഴ വിത്തുകള്‍ ലഭ്യമാക്കാനാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ ലക്ഷ്യമിടുന്നത്.