മഴ ശക്തിപ്രാപിച്ചതിനെത്തുടർന്ന് കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയുന്നതിന്റെ ഭാഗമായി തോട്ടപ്പള്ളി പൊഴി മുറിച്ചു. വെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്നതോടെ കുട്ടനാട് പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാനാവും.
 ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻറെയും ജലവിഭവ മന്ത്രി കെ. കൃഷണൻ കുട്ടിയുടെയും നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ എ അലക്സാണ്ടർ ഇന്ന് പൊഴി മുറിക്കാൻ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അരുൺ കെ ജേക്കബിന് നിർദ്ദേശം നൽകിയതിനെത്തുടർന്നാണ് പൊഴി മുറിക്കൽ നടപടികൾ ആരംഭിച്ചത്. മെയ് മാസത്തിൽ ആരംഭിച്ച പൊഴി ആഴം കൂട്ടൽ ജൂലൈ 23 ഓടെ പൂർത്തിയായിരുന്നു.