തൃശ്ശൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചാലക്കുടി പുഴയിൽ അഞ്ചു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പുമായി സഹകരിച്ചാണ് പൊതു ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ കെ ആർ സുമേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു.

മേലൂർ പഞ്ചായത്ത് അൽക്കാപ്പിള്ളികടവ്, പാറക്കടവ് എന്നിവിടങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി ബാബു, പഞ്ചായത്ത് അംഗങ്ങളായ എം എസ് ബിജു, ഷിജി വികാസ്, ഫിഷറീസ് ഇൻസ്പെക്ടർ എം.ദീപ തുടങ്ങിയവർ പങ്കെടുത്തു. അതിരപ്പിള്ളി പഞ്ചായത്തിൽ തുമ്പൂർമുഴി, വഞ്ചിക്കടവ്, കണ്ണൻകുഴി മേഖലകളിലായി 5.26 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.