കൊച്ചി: കായിക മത്സരങ്ങളിലൂടെ ലഹരിവിരുദ്ധ സന്ദേശം യുവതലമുറയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാന ലഹരിവര്‍ജ്ജന മിഷന്‍ ‘വിമുക്തിയുടെ ഭാഗമായി ജില്ലാ വോളിബോള്‍ അസോസിയേഷന്റേയും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലേന്റെയും സാങ്കേതിക സഹായത്തോടെ ജില്ലാ വോളിബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രാദേശിക ക്‌ളബ്ബുകളില്‍ നിന്നും മികച്ച എട്ട് ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട്  മാര്‍ച്ച് മാസം നാല്, അഞ്ച് തീയതികളില്‍ ജില്ലാതല  വോളിബോള്‍ ടൂര്‍ണമെന്റ് പറവൂര്‍, കൊടുവഴങ്ങ ശ്രീനാരായണ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്‌ളബ്ബ് ഫ്‌ളഡ് ലിറ്റ് ഗ്രൗണ്ടില്‍ നടത്തുന്നു. മത്സരത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 10000/, 6000/, 4000/ രൂപയും ട്രോഫിയും, വിമുക്തിയുടെ സാക്ഷ്യപത്രവും നല്‍കും. മാര്‍ച്ച് നാലിന് വൈകിട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ ആലങ്ങാട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട് അദ്ധ്യക്ഷത വഹിക്കും. ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ മദ്ധ്യമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ പി.കെ. മനോഹരന്‍ അദ്ധ്യക്ഷത വഹിക്കും, വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ എറണാകുളം റൂറല്‍ പോലീസ് സൂപ്രണ്ട്   എ.വി.ജോര്‍ജ്ജ്   വിതരണം ചെയ്യും. ലഹരിവിമുക്തമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ നാടിന്റെ ഉത്സവമാക്കി മാറ്റണമെന്നും മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള റാലിയിലും സമ്മേളനത്തിലും തുടര്‍ന്നുള്ള സമ്മേളനത്തിലും പങ്കെടുത്ത് ഈ സംരംഭം വന്‍വിജയമാക്കണമെന്ന് എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.