പ്രാദേശിക സര്‍ക്കാരുകളായ ത്രിതല പഞ്ചായത്തുകള്‍ മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നല്‍കണമെന്ന് തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് തിരുവമ്പാടിയില്‍ സ്ഥാപിച്ച സൂപ്പര്‍ എംആര്‍എഫ് (മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്റര്‍) ഇദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരിക്കാത്തതാണ് പലയിടത്തും രോഗങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റ നേതൃത്വത്തില്‍ ആരംഭിച്ച മാലിന്യ സംസ്‌കരണ കേന്ദ്രം മാലിന്യ സംസ്‌കരണ രംഗത്ത് പ്രാദേശിക സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് 75 ലക്ഷം രൂപ വിനിയോഗിച്ച് കെട്ടിടവും അനുബന്ധ യന്ത്രങ്ങളും സ്ഥാപിച്ചപ്പോൾ തിരുവമ്പാടി ഗ്രാമപഞ്ചായത്താണ് സ്ഥലവും മറ്റു സൗകര്യങ്ങളും ഒരുക്കിയത്. ട്രാന്‍സ്ഫോര്‍മര്‍, 400 മീറ്റര്‍ റോഡ്, വാട്ടര്‍ പൈപ്പ്ലൈന്‍ തുടങ്ങിയ അനുബന്ധ സൗകര്യങ്ങളൊരുക്കാൻ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 60 ലക്ഷം രൂപ വിനിയോഗിച്ചു. ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവയാണ് പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായം നല്‍കിയത്. അക്രഡിറ്റഡ് ഏജന്‍സിയായ നിറവ് വേങ്ങേരിയും സംരംഭത്തിന് സാങ്കേതിക പിന്തുണയുമായി ഒപ്പമുണ്ട്.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 9 ഗ്രാമപഞ്ചായത്തുകളിലുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഈ പഞ്ചായത്തുകളില്‍ നിന്ന് ശുചിത്വമിഷന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് ശേഖരിക്കുന്ന അജൈവ/പ്ലാസ്റ്റിക് വസ്തുക്കള്‍ തരംതിരിച്ച് പൊടിച്ച് റോഡ് നിര്‍മ്മാണമടക്കമുള്ള ആവശ്യത്തിനായുള്ള അസംസ്‌കൃത പ്ലാസ്റ്റിക്കാക്കുന്നതിനുള്ള ഷ്രഡിംഗ് യന്ത്രവും കൂടാതെ പ്ലാസ്റ്റിക് റീ-സൈക്ലിങ് ഫാക്ടറിയിലേക്ക് കൊണ്ടുപോകുന്നതിനായി കെട്ടുകളാക്കി മാറ്റുന്നതിനുള്ള പ്രസിംഗ് യന്ത്രവും സ്ഥാപിച്ചിട്ടുണ്ട്.
സൂപ്പര്‍ എംആര്‍എഫ് പരിസരത്ത് നടന്ന ചടങ്ങില്‍ ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കാരാട്ട് റസാക്ക് എംഎല്‍എ മുഖ്യാതിഥിയായി. യന്ത്ര യൂണിറ്റുകളുടെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റംല ഒ കെ എം കുഞ്ഞി, വൈസ് പ്രസിഡണ്ട് ആഗസ്തി പല്ലാട്ട് എന്നിവര്‍ നിര്‍വ്വഹിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിജിന്‍ പി ജേക്കബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീതവിനോദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ഒതയോത്ത് അഷ്‌റഫ്, ബ്ലോക്ക് പഞ്ചായത്തം അംഗം ഏലിയാമ്മ ജോര്‍ജ്ജ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാന്മാരായ കെആര്‍ഗോപാലന്‍, സുഹറ മുസ്തഫ, ടോമി കൊന്നക്കല്‍, വാര്‍ഡ് മെമ്പര്‍ ബോസ് ജേക്കബ്,
ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. പ്രകാശ് എന്നിവര്‍ സംസാരിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ടി. അഗസ്റ്റിന്‍ സ്വാഗതവും സെക്രട്ടറി എം. ഗിരീഷ് നന്ദിയും പറഞ്ഞു.