കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യ വകുപ്പിനൊപ്പം ചേര്‍ന്ന് ഫലപ്രദമായ പ്രവര്‍ത്തനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  കോവിഡ് 19 പ്രതിരോധത്തിന്റെ മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുന്ന നമ്മള്‍ ശക്തമായി പ്രതിരോധിക്കേണ്ട സമയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ വകുപ്പിനൊപ്പം ചേര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചതിനാല്‍ സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചു. ക്വാറന്റൈന്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. പ്രൈമറി, സെക്കന്ററി കോണ്ടാക്ടുകളെ 24 മണിക്കൂറിനുള്ളില്‍ കണ്ടെത്തി അവരെ ക്വാറന്റൈനിലാക്കണം. ഇവരെ കണ്ടെത്തുന്നതിനായി പോലീസ് ശക്തമായി ഇടപെടണം.
ജീവന്‍ സംരക്ഷിക്കുന്നതിനായി അല്പം ബുദ്ധിമുട്ട് സഹിക്കുവാന്‍ എല്ലാവരും തയ്യാറാകണമെന്നും നമ്മുക്ക് കോവിഡിനെ പിടിച്ചു കെട്ടണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ചെറിയ തോതില്‍ അലംഭാവം ഉണ്ടായിട്ടുണ്ട്. ക്വാറന്റൈന്‍ നിയമങ്ങള്‍, ശാരീരിക അകലം എന്നിവ കൃത്യമായി പാലിക്കപ്പെടുന്നില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വേണ്ട സുരക്ഷ ക്രമീകരണങ്ങളില്‍ അയവുവന്നു. കാത്തുനില്‍ക്കാന്‍ സമയമില്ല. ശക്തമായി പ്രതിരോധിക്കണം.
ആദ്യഘട്ടത്തിലുണ്ടായിരുന്ന ജാഗ്രത ഇനിയും ഉണ്ടാകണം. രോഗം ഇനിയും വ്യാപിച്ചാല്‍ മരണനിരക്ക് കൂടുന്നതിനു കാരണമാകും. ഇനിയുള്ള ദിവസങ്ങളില്‍ ജാഗ്രതയുള്ള പ്രതിരോധ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കണം. നിയമങ്ങളില്‍ സമൂലമായ മാറ്റമാണിതിനാവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.