കൊച്ചി:  ബാസ്റ്റണ്‍ ബംഗ്ലാവ് കൊച്ചിയുടെ ചരിത്രസാക്ഷ്യം ആക്കി മാറ്റുമെന്ന് തുറമുഖ, പുരാവസ്തു,പുരാരേഖ, മ്യൂസിയം വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജില്ലാ പൈതൃക മ്യൂസിയമായ ബാസ്റ്റണ്‍ ബംഗ്ലാവ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നതിനെക്കുറിച്ചുള്ള കൂടിയാലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡച്ച് – പോര്‍ച്ചുഗീസ് – ബ്രിട്ടീഷ് അധിനിവേശത്തിന് സാക്ഷ്യം വഹിച്ച ചരിത്ര നഗരമാണ് ഫോര്‍ട്ടുകൊച്ചിയും മട്ടാഞ്ചേരിയും. പൗരാണിക വാണിജ്യ നഗരം എന്ന രീതിയിലും ഈ പ്രദേശത്തിന് പ്രാധാന്യമുണ്ട്. വിവിധ സമുദായങ്ങളുടെ സംസ്‌കാര സമന്വയത്തിന്റെ അന്തരീക്ഷവും പ്രദേശത്തുണ്ട.് ഇത്തരത്തില്‍ എല്ലാ സാംസ്‌കാരിക സമന്വയങ്ങളുടെയും അന്തരീക്ഷം ഉള്‍ക്കൊള്ളുന്ന ഒന്നായിരിക്കും ബാസ്റ്റണ്‍ ബംഗ്‌ളാവ്.  അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയമാക്കി ബാസ്റ്റണ്‍ ബംഗ്‌ളാവിനെ ഉയര്‍ത്താന്‍ കൂടുതല്‍ സജ്ജീകരണമൊരുക്കുമെന്നും മന്ത്രി പറഞ്ഞു
പൂര്‍ണമായ സജ്ജീകരണങ്ങളോടെ അടുത്ത ബിനാലേക്ക് മുമ്പ് ബാസ്റ്റണ്‍ ബംഗ്‌ളാവ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാന്‍ ഉള്ള നടപടികളെടുക്കണമെന്ന് കെ ജെ മാക്‌സി എംഎല്‍എ പറഞ്ഞു.
 പ്രധാന വാണിജ്യകേന്ദ്രം ആയതിനാല്‍ വിവിധ ലോകരാജ്യങ്ങളുമായി സമ്പര്‍ക്കം ഉണ്ടായിരുന്ന ഫോര്‍ട്ട് കൊച്ചിയുടെ ചരിത്രം നാളത്തെ തലമുറയ്ക്ക് പകര്‍ന്നു തരാന്‍ ആവുന്ന വിധത്തില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വേണം മ്യൂസിയം സജ്ജീകരിക്കാനെന്ന് ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ പറഞ്ഞു. സാങ്കേതികവിദ്യ ഉപയോഗിച്ച് ചരിത്രത്തിന്റെ ഒരു വിര്‍ച്വല്‍ അനുഭവം നല്‍കുന്ന മ്യൂസിയം ആയിരിക്കണം ഇതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ മറ്റു മ്യൂസിയങ്ങള്‍ നല്‍കാത്ത അനുഭവം പ്രദാനം ചെയ്യുന്ന രീതിയില്‍, നാടിന്റെ ചരിത്രത്തില്‍ വേരോട്ടമുള്ള മ്യൂസിയമാക്കി ബാസ്റ്റണ്‍ ബംഗ്‌ളാവിനെ മാറ്റുമെന്ന്് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വി വേണു പറഞ്ഞു.  പ്രദേശത്തെ വിവിധ സമുദായങ്ങളുടെ പങ്കാളിത്തത്തോടെ മ്യൂസിയത്തെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തും. ആര്‍ക്കിയോളജി വിഭാഗത്തിന്റെ ഏറ്റവും പ്രധാന പദ്ധതിയാണിതെന്നും ഡോ വി വേണു പറഞ്ഞു.
ഫോര്‍ട്ടുകൊച്ചി – മട്ടാഞ്ചേരി പ്രദേശത്തിന്റെ പ്രാധാന്യവും  ചരിത്രവും ഏകോപിപ്പിച്ച് പ്രദര്‍ശിപ്പിക്കുന്ന ഒരു കേന്ദ്രമെന്ന നിലയ്ക്ക് ബംഗ്‌ളാവിനെ മാറ്റണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പ്രദേശത്തെ ജലസമ്പത്തും കായലും ഉപയോഗിച്ച് യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കണം. പൗരാണിക നഗരം എന്ന രീതിയില്‍ ഫോര്‍ട്ട് കൊച്ചിയുടെ പ്രാധാന്യം എടുത്തു പറയുന്നത് ആയിരിക്കണം മ്യൂസിയമെന്നും അഭിപ്രായമുയര്‍ന്നു. കൗണ്‍സിലര്‍മാരായ ഷൈനി മാത്യു, ബേസില്‍, ബെനഡിക്ട് ഫെര്‍ണാണ്ടസ്  തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ആര്‍ക്കിയോളജി ഡയറക്ടര്‍ ജെ റജികുമാര്‍, പുരാരേഖ വകുപ്പ് ഡയറക്ടര്‍ പി  ബിജു, കേരള മ്യൂസിയം ഹിസ്റ്ററി ആന്‍ഡ് ഹെറിറ്റേജ്  എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ചന്ദ്രന്‍പിള്ള, ബാസ്റ്റണ്‍ ബംഗ്‌ളാവ് ചാര്‍ജ് ഓഫീസര്‍ ആര്‍ ജയശ്രീ, പൗരപ്രമുഖര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു