ഹരിതകര്‍മ സേന അംഗങ്ങള്‍ക്കായി വനിതാ വികസന കോര്‍പറേഷന്‍ കുടുംബശ്രീ മുഖേന 30 കോടി വായ്പയായി വിതരണം ചെയ്യും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ശുചീകരണ പ്രവൃത്തികള്‍ കൂടുതല്‍ ഊര്‍ജസ്വലമായി നടക്കുന്ന സാഹചര്യം കൂടി പരിഗണിച്ച് ഹരിതകര്‍മസേനയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വായ്പ അനുവദിക്കുന്നത്. ആദ്യഘട്ടമായി ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മൂന്നു കോടി വിതരണം ചെയ്യും.

തൊഴില്‍ ചെയ്യാനാവശ്യമായ വാഹനം വാങ്ങുക, സംരംഭ വികസനം,  സാനിറ്റേഷന്‍ ജോലിയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ വില്ക്കുന്ന സാനിറ്ററി മാര്‍ട്ടുകള്‍, ഹരിത സംരംഭങ്ങള്‍ എന്നിവ തുടങ്ങുക, സേനാംഗങ്ങളുടെ പെണ്‍മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം എന്നിവയ്ക്കാണ് വായ്പ നല്‍കുക. നാല് മുതല്‍ അഞ്ച് വരെ വാര്‍ഷിക പലിശ നിരക്കില്‍ ലഭിക്കുന്ന വായ്പയുടെ കാലാവധി മൂന്ന് വര്‍ഷമാണ്.


വാഹനവായ്പയായി 15 ലക്ഷം വരെയും ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഒരംഗത്തിന് പരമാവധി 60000 രൂപ വരേയും പരമാവധി വായ്പ ലഭിക്കും. ശുചീകരണ ജോലിക്ക് സഹായകമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 15 ലക്ഷം വരെ വായ്പ ലഭിക്കും. അംഗങ്ങളുടെ പെണ്‍മക്കള്‍ക്ക് പ്രൊഫണല്‍ കോഴ്‌സുകള്‍ക്കും വൊക്കേഷണല്‍ പഠനത്തിനും മൂന്നര ശതമാനം പലിശയ്ക്ക് നാലു ലക്ഷം മുതല്‍ പത്തു ലക്ഷം വരെ വിദ്യാഭ്യാസ വായ്പയും നല്‍കും.