അട്ടപ്പാടി മേഖലയിലെ കോവിഡ് ബാധിതര്‍ക്കായി 420 കിടക്കകളോടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഷോളയൂര്‍ ട്രൈബല്‍ ഹോസ്റ്റലില്‍ 100 കിടക്കകളും, പുതൂര്‍ ഗവ. സ്‌കൂള്‍, പുതൂര്‍ ട്രൈബല്‍ ഹോസ്റ്റല്‍ എന്നിവിടങ്ങളിലായി 120 കിടക്കകളും, അഗളി പട്ടിമാളത്ത് പ്രവര്‍ത്തിക്കുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 200  എന്നിങ്ങനെ 420 കിടക്കകളാണ് മേഖലയില്‍ ഒരുക്കിയിട്ടുള്ളത്. അടിയന്തര സാഹചര്യം വന്നാല്‍ കോട്ടത്തറ ഗവ:  ട്രൈബല്‍ ആശുപത്രിയില്‍ 10  ഐ.സി.യു കിടക്കകളും സജ്ജീകരിച്ചിട്ടുള്ളതായി അട്ടപ്പാടി മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ് അറിയിച്ചു. അട്ടപ്പാടി മേഖലയിലെ വിവിധയിടങ്ങളിലായി 94 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്.  ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്ന 85 പേര്‍, മറ്റ് രാജ്യങ്ങളില്‍  നിന്നും വന്ന ആറ് പേര്‍, രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ  പ്രാഥമിക സമ്പര്‍ക്കത്തിലുള്ള മൂന്നാളുകള്‍ എന്നിങ്ങനെ 94 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.  മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 1102 പേരില്‍ ഇതുവരെ ആന്റിജന്‍ പരിശോധന നടത്തിയതായും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
അട്ടപ്പാടിയിലേക്കുള്ള അനാവശ്യയാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അട്ടപ്പാടി മേഖലയിലേക്കുള്ള അനാവശ്യയാത്രകള്‍ പൊതുജനങ്ങള്‍ ഒഴിവാക്കണമെന്ന് അട്ടപ്പാടി നോഡല്‍ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറുമായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.  അവധി ദിവസങ്ങളില്‍ സഞ്ചാരികളുള്‍പ്പെടയുള്ളവര്‍ അട്ടപ്പാടിയിലേക്ക് പ്രവേശിക്കുന്നത്  ഈ് മേഖലയിലെ  കോവിഡ് പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ളത് കൊണ്ടാണ്  നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് ആനമൂളി ഫോറസ്റ്റ് ചെക്ക് പോസ്റ്റ്, മുക്കാലി ചെക്ക് പോസ്റ്റ് എന്നിവടങ്ങളില്‍  കര്‍ശനമായ പരിശോധനയും നിയന്ത്രണങ്ങളും  നടത്തി വരുന്നുണ്ട്. നിയന്ത്രണം ലംഘിക്കുന്നവരെ  കണ്ടെത്തുന്നതിനും  പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം നടപടിയെടുക്കാനും  പോലീസിന് നിര്‍ദ്ദേശം നല്‍കിയതായും സബ്കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

അട്ടപ്പാടി ഊരുകളില്‍ കര്‍ശനനിയന്ത്രണം

കോവിഡ് രോഗപ്രതിരോധം കണക്കിലെടുത്ത്  അട്ടപ്പാടിയിലെ  ഊരുകളില്‍ കര്‍ശന നിയന്ത്രണം തുടരുന്നതായി മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ് അറിയിച്ചു. ഊടുവഴികളിലൂടെയും മറ്റും ഊരുകളില്‍ എത്തുന്നവരെ കണ്ടെത്തുന്നതിനായി ആരോഗ്യ വകുപ്പ് ,  പോലീസ്,  വനം വകുപ്പുകളുടെ പരിശോധന കര്‍ശനമായി തുടരുന്നുണ്ട്.  പുറത്ത് നിന്നും ആളുകള്‍ വന്നു പോകാന്‍ ഇടയുള്ള ഊരുകള്‍, അതിര്‍ത്തി പ്രദേശങ്ങളോട് ചേര്‍ന്നുള്ള ഊരുകള്‍,  ഉള്‍വനങ്ങളിലുള്ള ഊരുകള്‍ കേന്ദ്രീകരിച്ച്   പ്രായമായവര്‍ക്ക് പ്രത്യേകമായി ആന്റിജന്‍  പരിശോധന നടത്തി വരുന്നുണ്ട്. കട ഉടമകള്‍,  വട്ടിപലിശക്കാര്‍,  അട്ടപ്പാടി മേഖലയില്‍ ജോലി ചെയ്യുന്ന പുറത്തുനിന്നുള്ളവര്‍, കോയമ്പത്തൂരിലും മറ്റും സാധനങ്ങള്‍ എടുക്കുന്നതിനായി പോയി വരുന്നവരെയും  കര്‍ശനമായി  നിരീക്ഷിച്ചു വരുന്നതായും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കോവിഡ് നിയമലംഘനം: മേഖലയില്‍ 250 ലധികം പേര്‍ക്കെതിരെ കേസ്

അട്ടപ്പാടി മേഖലയില്‍  കോവിഡ് നിര്‍ദ്ദേശങ്ങള്‍  പാലിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസങ്ങളിലായി 250 ലധികം പേര്‍ക്കെതിരെ  കേസ് രജിസ്റ്റര്‍ ചെയ്തതായി അഗളി പോലീസ് അറിയിച്ചു. അഗളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 137, ഷോളയൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 130 ലധികം കേസുകള്‍ ഉള്‍പ്പടെ  250ലധികം കേസുകളാണ് അട്ടപ്പാടി മേഖലയില്‍ രജിസ്റ്റര്‍ ചെയ്തത്. മുക്കാലി, ഗൂളിക്കടവ്, മുള്ളി, ആനക്കട്ടി, ആനമൂളി, ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോലീസിന്റെ നേതൃത്വത്തില്‍ കര്‍ശനമായ പരിശോധന നടത്തി വരുന്നുണ്ട്. അതിര്‍ത്തി പ്രദേശത്തോട് ചേര്‍ന്നു കിടക്കുന്ന ഭാഗങ്ങളിലും പോലീസ് പരിശോധന നടത്തി വരുന്നതായി  അഗളി സി.ഐ.  ബി. കെ. സുനില്‍ കൃഷ്ണന്‍ അറിയിച്ചു.

ജില്ലയിലെ മറ്റ് ആദിവാസി മേഖലകളിലും  പരിശോധന ശക്തം

അട്ടപ്പാടി ഒഴികെയുള്ള  ജില്ലയിലെ 296 ആദിവാസി കോളനികളിലും  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി  തുടരുന്നുണ്ട്.  പുറത്ത് നിന്ന് ആളുകള്‍ വരുന്നത് തടയുന്നതിനായി ആരോഗ്യം – ട്രൈബല്‍ -വനം  വകുപ്പുകളുടെ നേതൃത്വത്തില്‍ പറമ്പികുളം ഉള്‍പ്പടെയുള്ള മേഖലകളില്‍ പരിശോധനയും ബോധവത്ക്കരണവും  തുടരുന്നതായി  ജില്ലാ ട്രൈബല്‍ ഓഫീസര്‍ എം.  മല്ലിക അറിയിച്ചു.  33 പ്രൊമോട്ടര്‍മാര്‍ കോളനികളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ട്രൈബല്‍ വകുപ്പിന്റെ രണ്ട് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളിലൂടെ എല്ലാ കോളനികളിലും മെഡിക്കല്‍ പരിശോധനയും അവശ്യമരുന്നുകളും എത്തിക്കുന്നുണ്ട്. മുതലമട പഞ്ചായത്തിലെ കുണ്ടലക്കുളമ്പ്, പറമ്പിക്കുളം എന്നിവിടങ്ങളിലായി മൂന്നുപേര്‍ മാത്രമാണ് ആകെ നിരീക്ഷണത്തില്‍ കഴിയുന്നതെന്നും ജില്ലാ ട്രൈബല്‍ ഓഫീസര്‍ അറിയിച്ചു.