പദ്ധതി കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു
കാക്കനാട്: ജില്ല ഭരണകൂടം ആവിഷ്‌ക്കരിച്ച നുമ്മ ഊണ് പദ്ധതി പ്രയോജനപ്പെടുത്തി വിശപ്പടക്കിയത് 890 പേര്‍. വിശന്നു പൊരിയുന്ന ഒരു വയറു പോലും ഉണ്ടാകരുതെന്ന ലക്ഷ്യവുമായി തുടക്കം കുറിച്ച നുമ്മ ഊണ് വിശപ്പുരഹിത നഗരം പദ്ധതി ഒരു മാസം പൂര്‍ത്തിയാകുമ്പോള്‍ 900 കൂപ്പണുകളാണ് ആകെ വിതരണം ചെയ്തത്. ഓരോ ദിവസവും ശരാശരി 45 പേരാണ് നുമ്മ ഊണ് പദ്ധതി പ്രയോജനപ്പെടുത്തുന്നത്.
കൂപ്പണുകള്‍ നല്‍കി തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്ന് സൗജന്യമായി മികച്ച നിലവാരത്തിലുള്ള ഭക്ഷണം ലഭിക്കുന്ന നുമ്മ ഊണ് പദ്ധതി ഏപ്രില്‍ ഒന്നു മുതല്‍ 15 കേന്ദ്രങ്ങളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുമെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. താലൂക്ക് ആസ്ഥാനങ്ങള്‍, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, റെയില്‍വേസ്റ്റേഷനുകള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി വ്യാപിപ്പിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളടക്കം ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുന്ന സാധാരണക്കാര്‍ക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
റിപ്പബ്ലിക് ദിനത്തിലാണ് മന്ത്രി എ.സി. മൊയ്തീന്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് ഫെബ്രുവരി ഒന്നു മുതലാണ് പദ്ധതി പ്രാവര്‍ത്തികമായത്. കാക്കനാട് കളക്ടറേറ്റിലും എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലുമാണ് നുമ്മ ഊണിന്റെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്.
കൗണ്ടറുകളില്‍ നിന്നും ലഭിക്കുന്ന കൂപ്പണുകള്‍ നല്‍കിയാല്‍ കാക്കനാട്ടെയും സൗത്തിലെയും തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്ന് സൗജന്യമായി ഭക്ഷണം ലഭിക്കും. കാക്കനാട്ടും സൗത്തിലും നാലു വീതം ഹോട്ടലുകളാണ് ഇതിനായി കണ്ടെത്തിയിരുന്നത്. കാക്കനാട് കളക്ടറേറ്റിന് സമീപം അളകാപുരി, ലിബ, വാഴക്കാലയില്‍ ഗാലക്സി എന്നീ ഹോട്ടലുകളില്‍ നിന്നും സിവില്‍ സ്‌റ്റേഷന്‍ ക്യാന്റീനില്‍ നിന്നുമാണ് കൂപ്പണുകള്‍ നല്‍കി ഭക്ഷണം കഴിക്കാനാകുക. സൗത്തില്‍ ആര്യാസ്, അല്‍ഫല, ആര്യഭവന്‍, മുഗള്‍ എന്നീ ഹോട്ടലുകളിലാണ് സൗജന്യ ഭക്ഷണം.
പദ്ധതി പെട്രോനെറ്റ് എല്‍.എന്‍.ജി ഫൗണ്ടേഷന്റെ പൂര്‍ണ്ണ സാമ്പത്തിക പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതി കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.