തിരുവനന്തപുരം ജില്ലയിലെ മൂന്ന് തീരദേശ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിലും ഓഗസ്റ്റ് 16 വരെ ലോക്ക് ഡൗൺ കർശനമായി തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.
ഓഗസ്റ്റ് പത്തുമുതൽ വിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധനവും അനുബന്ധ പ്രവർത്തനങ്ങളും നടത്താം. എന്നാൽ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ചു മാത്രമേ മത്സ്യതൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളു. ജില്ലാ ഭരണകൂടം നൽകിയിട്ടുള്ള അറിയിപ്പുകൾ കൃത്യമായും പാലിക്കണം. തീരദേശ സോണുകളിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് ഷെഡ്യൂൾഡ് ബാങ്കുകൾക്ക് പ്രവർത്തിക്കാം.
രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ അക്ഷയ കേന്ദ്രങ്ങൾക്കും പ്രവർത്തന അനുമതിയുണ്ട്. എന്നാൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തുകയും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും വേണം. സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.