കൊച്ചി: വാരാന്ത്യ ചലച്ചിത്ര പ്രദര്‍ശനത്തിന്റെ ഭാഗമായി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഇന്ന് (ശനി) വൈകിട്ട് ഏഴിന് പഥേര്‍ പാഞ്ചാലി പ്രദര്‍ശിപ്പിക്കും. പ്രവേശനം സൗജന്യം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും എറണാകുളം പബ്ലിക്ക് ലൈബ്രറിയും ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധിയാണ് വാരാന്ത്യ പരിപാടിയില്‍ കഴിഞ്ഞയാഴ്ച്ച ആദ്യമായി പ്രദര്‍ശിപ്പിച്ചത്.
സത്യജിത് റേയുടെ സംവിധാനത്തില്‍ 1955ല്‍ പുറത്തിറങ്ങിയ പഥേര്‍ പാഞ്ചാലി  മലയാളം സബ്‌ടൈറ്റിലുകളോടെയാണ് പ്രദര്‍ശിപ്പിക്കുന്നത്. ബിഭൂതിഭൂഷണ്‍ ബന്ദോപാദ്ധ്യായ എഴുതിയ നോവലിനെ ആസ്പദമാക്കിയുള്ള ഈ ചലച്ചിത്രം സത്യജിത്‌റേയുടെ ആദ്യ സംവിധാനസംരംഭം കൂടിയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ അപുവിന്റെ ബാല്യകാലത്തിലൂടെ 1920കളിലെ ബംഗാളിന്റെ ഗ്രാമ്യജീവിതമാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്