നിയമം കൊണ്ട് മാത്രം കുറ്റകൃത്യങ്ങൾ തടയാനാവില്ലെന്ന് ജസ്റ്റിസ് കെ.റ്റി. തോമസ്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പും കോട്ടയം പ്രസ്‌ക്ലബും സംയുക്തമായി കോട്ടയം പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച പോക്‌സോ നിയമം മാധ്യമശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറേണ്ടത് സമൂഹത്തിന്റെ മനോഭാവമാണ്. കുട്ടികൾക്കെതിരെയുളള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുളള നിയമങ്ങൾ സംബന്ധിച്ച് അവബോധം ഉണ്ടായാൽ മാത്രം പോര. ലൈംഗികമായ കുറ്റകൃത്യങ്ങൾ 95 ശതമാനവും പുരുഷൻ സ്ത്രീകൾക്കെതിരെ നടത്തുന്നതാണ്. ഇതിനെ ശാസ്ത്രീയമായി നേരിടണം. അതിനുളള പരിശീലനം സമൂഹത്തിന് നല്കണം. ഹോർമോണുകളുടെ ത്വരയെ നിയന്ത്രിക്കുവാനുളള പരിശീലനം ചെറുപ്പംമുതൽ കുട്ടികൾക്ക് നൽകണം. വ്യക്തിവൈരാഗ്യം തീർക്കുന്നതിന് പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്ന പ്രവണതയുണ്ട്. അവിടെ നിർദ്ദോഷികൾ ഇരകളായി തീരുന്നു. ഓരോ കുറ്റകൃത്യവും തടയാൻ നിയമങ്ങളുണ്ടായിട്ടുലം കുറ്റകൃത്യങ്ങൾ കുറയുന്നില്ല എന്നത് നമ്മുടെ നിയമചരിത്രം നോക്കിയാൽ മനസ്സിലാകും. സാമ്പത്തിക കുറ്റകൃത്യങ്ങൾ ഒഴികെയുളള പല കുറ്റകൃത്യങ്ങൾക്കും അജ്ഞത കാരണമാകുന്നു. കുറ്റകൃത്യങ്ങൾ ചെയ്യുവാനുളള മാനസികാവസ്ഥയെ നിയന്ത്രിക്കാൻ ശാസ്ത്രീയ പരിശിലനമാണ് ന്ൽകേണ്ടത്. നിലവിലെ നിയമം പലതും അപര്യാപ്തമായതിനാലാണ് പോക്‌സോ നിയമം നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പോക്‌സോ നിയമം ഒരു അവകാശസംരക്ഷണ നിയമമാണെനും അതിൽ വിട്ടുവിഴ്ചകളൊന്നും നടക്കില്ലെന്നും അധ്യക്ഷത വഹിച്ച ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ റ്റി.വി. സുഭാഷ് പറഞ്ഞു. കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കണം. പ്രസ്‌ക്ലബ് പ്രസിഡന്റ് സാനു ജോർജ് തോമസ് ആമുഖ പ്രഭാഷണം നടത്തി. പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ കെ. അബ്ദുൽ റഷീദ്, മാധ്യമ പ്രവർത്തകരായ ചെറുകര സണ്ണി ലൂക്കോസ്, ഷാലു മാത്യു എന്നിവർ സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിനി കെ. തോമസ് സ്വാഗതവും പ്രസ് ക്ലബ് സെക്രട്ടറി സനൽകുമാർ നന്ദിയും പറഞ്ഞു. ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, ബാലാവകാശ കമ്മീഷൻ. ശിശുക്ഷേമ സമിതി എന്നിവയുെട സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.
