ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ആശുപത്രികളും മാസത്തിലൊരിക്കല്‍ സമ്പൂര്‍ണ്ണമായി ശുചീകരിക്കുവാന്‍ ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ ജാഗ്രത ജില്ലാതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയോഗം തീരുമാനിച്ചു. ജനപ്രതിനിധികള്‍, ഡോക്ടര്‍മാര്‍, ആശുപത്രികളിലെ മറ്റ് ജീവനക്കാര്‍ എന്നിവരും അതാതു സ്ഥലത്തെ പ്രാദേശിക ക്ലബുകളും ചേര്‍ന്നാകും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഓരോ മാസവും പ്രാദേശിക ക്ലബുകള്‍ക്ക് മാറ്റമുണ്ടാകും. മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ചയാകും ശുചീകരണപ്രവര്‍ത്തങ്ങള്‍ നടക്കുന്നത്.  ജില്ലയിലെ ശുചിത്വ മാപ്പിംഗ് ഈ മാസം 15 നകം പൂര്‍ത്തിയാകും. ജില്ലയില്‍ 3786 ശുചിത്വ സ്‌ക്വാഡുകള്‍ രൂപീകരിച്ചു.
ഡങ്കിപ്പനിക്കെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കും. മഴക്കാലം ആരംഭിക്കുന്നതിനു മുമ്പേ ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണവും ശക്തമാക്കും. കഴിഞ്ഞ ഫെബ്രുവരിവരെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത പകര്‍ച്ചവ്യാധി ഡെങ്കിപ്പനിയാണ്. ഒരു വര്‍ഷത്തിനിടെ സംശയാസ്പദമായ 83 കേസുകളില്‍ 31 എണ്ണം ഡെങ്കിയാണെന്ന് സ്ഥിരീകരിച്ചു. കോടോം-ബേളൂര്‍, ബളാല്‍, കള്ളാര്‍, കിനാനൂര്‍ കരിന്തളം, വെസ്റ്റ് എളേരി, പനത്തടി, മടിക്കൈ പഞ്ചായത്തുകളിലാണ് ഡെങ്കിപ്പനി കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കും. പാചകത്തിനും മറ്റും സംഭരിച്ചുവയ്ക്കുന്ന വെള്ളത്തിലും  പാളകളിലും ചെറുപാത്രങ്ങളിലും ചിരട്ടകളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലുമാണ് രോഗം പരത്തുന്ന കൊതുകുകള്‍ പെരുകുന്നത്. സംഭരിച്ചുവയ്ക്കുന്ന വെള്ളം കൊതുക് കയറാത്തവിധം വൃത്തിയാക്കിവയ്ക്കുന്നതില്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഈ ഏഴു പഞ്ചായത്തുകളില്‍ കൂടുതല്‍ ബോധവത്ക്കരണം നടത്തും. ഈ പ്രദേശങ്ങളില്‍ നിലവില്‍ ഇന്റഗ്രേറ്റഡ് വെക്ടര്‍ മാനേജ്‌മെന്റിന്റെ ഭാഗമായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
എച്ച്1എന്‍1, എലിപ്പനി, മലമ്പനി എന്നിവ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ അഞ്ചുപേര്‍ക്ക് മന്തുരോഗവും ഒരാള്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. മൈഗ്രന്റ് സ്‌ക്രീനിംഗ് ടീമിനെ ഉള്‍പ്പെടുത്തി 24 ക്യാമ്പുകള്‍ സംഘടിപ്പിച്ച് 1059 പേരെ പരിശോധിച്ചതില്‍ നിന്നാണ് മന്തും മലേറിയയും സ്ഥിരീകരിച്ചത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യുവാന്‍ യോഗം തീരുമാനിച്ചു.