വെള്ളപ്പൊക്കം രൂക്ഷമായാല്‍ രക്ഷാദൗത്യം നടത്തുന്നതിന് പൂര്‍ണസജ്ജരായി കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ട ജില്ലയിലെത്തി. കൊല്ലം വാടി, തങ്കശേരി കടപ്പുറങ്ങളിലെ 30 മത്സ്യത്തൊഴിലാളികളും 10 വള്ളങ്ങളുമാണ് എത്തിയത്. അഞ്ചു വള്ളം വീതം ജില്ലയിലെ തീവ്ര ബാധിത പ്രദേശങ്ങളായ റാന്നി ഇട്ടിയപ്പാറയിലേക്കും, ആറന്മുള സത്രക്കടവിലേക്കും അയച്ചു. വെള്ളപ്പൊക്ക ഭീഷണി ശാന്തമാകുന്നതുവരെ ഇവര്‍ ജില്ലയില്‍ തുടരും.
ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അഭ്യര്‍ഥിച്ചതു പ്രകാരമാണ് രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികള്‍ എത്തിയത്. പത്തനംതിട്ട നഗരസഭ ഇടത്താവളത്തില്‍ കോഴഞ്ചേരി ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.ജയദീപ്, സാം പി.തോമസ് തുടങ്ങിയവര്‍ ചേര്‍ന്നു മത്സ്യ തൊഴിലാളികളെ സ്വീകരിച്ചു.