514 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ജില്ലയില്‍ മഴ ശക്തി പ്രാപിക്കുന്നു. മഴക്കെടുതിയുടെ ഭാഗമായി ഇതുവരെ ജില്ലയില്‍ 514 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകിയ ഹൊസ്ദുര്‍ഗ് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കേണ്ടി വന്നത്. ഈ മേഖലയില്‍ നിന്ന് മാത്രം 381 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഏറെ പേരും ബന്ധുവീടുകളിലേക്കാണ് മാറിയത്. കയ്യൂര്‍ മേഖലയില്‍ രണ്ട് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ജിഎച്ച്എസ്എസ് കയ്യൂരില്‍ തുറന്ന ക്യാമ്പില്‍ പതിനെട്ട് കുടുംബങ്ങളും ചെറിയാക്കര ജിഎല്‍പിഎസിലെ ക്യാമ്പില്‍ ആറു കുടുംബങ്ങളുമാണുള്ളത്.
വെള്ളരിക്കുണ്ടില്‍ പതിനൊന്നോളം വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് കൊന്നക്കാട് നിന്നും കാണാതായ കബിലത്തിൻ്റെ (78) മൃതദേഹം കണ്ടെടുത്തു.

കരകവിഞ്ഞൊഴുകിയ ചൈത്രവാഹിനിയില്‍ നിന്നും വള്ളമിറങ്ങിയതോടെയാണ് വള്ളിക്കടവിന് സമീപം കണ്ടെത്തിയത്. ഇതുവരെ 82 കുടുംബങ്ങളെയാണ് വെള്ളരിക്കുണ്ടില്‍ മാറ്റിത്താമസിപ്പിച്ചിട്ടുള്ളത്. മൂന്ന് ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. ജിഎച്ച്എസ്എസ് മാലോത്ത് കസബയില്‍ അഞ്ച് കുടുംബങ്ങളും ജിഎല്‍പിഎസ് കിനാനൂരില്‍ 3 കുടുംബങ്ങളും ജിഎല്‍പിഎസ് പുലിയന്നൂരില്‍ 4 കുടുംബങ്ങളുമാണ് നിലവിലുള്ളത്.
കാസര്‍കോട് താലൂക്കിലെ തളങ്കര വില്ലേജില്‍ ചന്ദ്രഗിരി പുഴ കരകവിഞ്ഞൊഴികയതിനെ തുടര്‍ന്ന് 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇവരില്‍ ഇരുപത് പേര്‍ തളങ്കര ജിഎല്‍പിഎസിലെ ക്യാമ്പില്‍ കഴിയുകയാണ്. ചെങ്കള വില്ലേജിലെ ചേരൂറില്‍ നാല് കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.

മഞ്ചേശ്വരം താലൂക്കിലെ പൈവളികെയില്‍ മണ്ണിടിച്ചലുണ്ടായതിനെ തുടര്‍ന്ന് ഒമ്പത് കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് പോയി. ഉപ്പള മുസോടിയില്‍ കടലേറ്റ ഭീഷണിയില്‍ എട്ട് കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.