തൃശൂർ ജില്ലയിൽ ബ്ലോക്ക്തല കൃഷി വിജ്ഞാന കേന്ദ്രങ്ങൾ ചിങ്ങം ഒന്നിന് തുടങ്ങുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ അറിയിച്ചു. കേരള കാർഷിക സർവകലാശാലയുടെ വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ സഞ്ചരിക്കുന്ന കാർഷിക വിജ്ഞാന പ്രദർശനശാലയുടെ ഫ്ളാഗ് ഓഫ് തൃശൂർ രാമനിലയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതോടൊപ്പം എല്ലാ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും കൃഷി വിജ്ഞാന വ്യാപന കേന്ദ്രങ്ങൾ സജ്ജമാക്കും. കാർഷിക സർവകാലശാലയിലെ ഒരു ശാസ്ത്രജ്ഞൻ ഈ കേന്ദ്രത്തിന്റെ നോഡൽ ഓഫീസറായി പ്രവർത്തിക്കും. സാങ്കേതിക സമിതി രൂപീകരിച്ച് ഈ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കും.
പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കൃഷി പാഠശാലകളുടെ പ്രവർത്തനങ്ങൾ ഈ കൃഷി വിജ്ഞാന കേന്ദ്രങ്ങൾ ഏകോപിപ്പിക്കും. വാർഡുകളിൽ നടക്കുന്ന കർഷക സഭകളുടെ പ്രവർത്തനവും നിയന്ത്രിക്കും. വിജ്ഞാന വ്യാപന കേന്ദ്രം കാർഷികരംഗത്ത് വലിയൊരു മാറ്റത്തിന് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ കാർഷിക വിജ്ഞാന വ്യാപനം വിപുലപ്പെടുത്തുന്നതിനായാണ് സഞ്ചരിക്കുന്ന കാർഷിക പ്രദർശനശാല സജ്ജീകരിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള പ്രസിദ്ധീകരണങ്ങൾ, വിത്തുകൾ, ഉൽപാദന സാമഗ്രികൾ, വീഡിയോ പ്രദർശനം, ശാസ്ത്രജ്ഞരുമായുള്ള അഭിമുഖത്തിനും കർഷകരുടെ സംശയ നിവാരണത്തിനുള്ള സൗകര്യങ്ങൾ എന്നിവ ഈ പ്രദർശനശാലയിൽ ലഭ്യമാണ്.

വിദൂര ഗ്രാമങ്ങളിൽ പോലും കാർഷിക സർവകലാശാലയുടെ സേവനങ്ങൾ എത്തിക്കുകയാണ് സഞ്ചരിക്കുന്ന പ്രദർശന ശാലയുടെ ലക്ഷ്യം. ആത്മ, കൃഷിഭവനുകൾ എന്നിവയുടെ ആവശ്യങ്ങൾക്കനുസരിച്ചും പ്രദർശനശാലയുടെ സേവനം ലഭ്യമാക്കും. കാർഷിക സർവകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ സെന്ററാണ് പദ്ധതി നടപ്പിലാക്കുന്നത്. സുഭിക്ഷ കേരളം പദ്ധതിയോടനുബന്ധിച്ച് ബ്ലോക്ക് തലത്തിൽ നിലവിൽ വരുന്ന കൃഷി വിജ്ഞാനകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഈ സംവിധാനം ഏറെ സഹായകരമാകും. സർവകലാശാല പുതുതായി വിതരണംചെയ്യാൻ തയ്യാറാക്കിയിട്ടുള്ള മൂല്യവർധിത ഉല്പന്നമായ മുളപ്പിച്ച കശുവണ്ടിയുടെ വിപണന ഉദ്ഘാടനവും കർഷകർക്ക് കശുമാവ് കൃഷിയുടെ വിശദാംശങ്ങൾ ലഭ്യമാക്കുന്ന മൊബൈൽ ആപ്പ് പ്രകാശനവും മന്ത്രി നിർവഹിച്ചു. ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ അധ്യക്ഷതവഹിച്ചു. സർവകലാശാല വൈസ് ചാൻസിലർ ഡോ. ആർ ചന്ദ്രബാബു, രജിസ്ട്രാർ ഡി ഗിരിജ, യൂനിവേഴ്സിറ്റി എക്‌സ്‌റ്റെൻഷൻ ഡയറക്ടർ ഡോ. ജിജു പി അലക്സ്, കശുമാവ് ഗവേഷണ കേന്ദ്രം മേധാവി ഡോ. ജലജ എസ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു.