തൃശൂർ : കശുവണ്ടി പരിപ്പ് സാധാരണക്കാരായ മലയാളികൾക്ക് കുറഞ്ഞ ചിലവിൽ പ്രാദേശികമായി ലഭ്യമാക്കുവാൻ ഉതകുന്ന ‘മുളപ്പിച്ച കശുവണ്ടി’ പരിചയപ്പെടുത്തുകയാണ് കേരള കാർഷിക സർവ്വകലാശാല. സർവകലാശാലയുടെ കീഴിലുള്ള മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രമാണ് പ്രതിരോധശക്തി വർധിപ്പിക്കാൻ ഉതകുന്ന മുളപ്പിച്ച കശുവണ്ടി പരിചയപ്പെടുത്തുന്നത്.
പോഷക വിഭവമാണെങ്കിലും വില കൂടുതലുള്ളതിനാൽ സാധാരണക്കാരന് കശുവണ്ടിപരിപ്പ് പലപ്പോഴും പ്രാപ്യമാകാറില്ല. എന്നാൽ മുളപ്പിച്ച കശുവണ്ടിയുടെ ഉൽപാദനച്ചെലവ് കുറവായതിനാൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ സാധിക്കും.

മുളപ്പിച്ച കശുവണ്ടിയുടെ ഉൽപ്പാദന ചിലവും താരതമ്യേന കുറവാണ്. കശുവണ്ടിപരിപ്പിലെ ബീജം മുളയ്ക്കുന്നതോടെ ഒട്ടേറെ രാസപ്രക്രിയകൾ സംഭവിക്കുന്നതിനാൽ പോഷകങ്ങൾ വിഘടിച്ച് എളുപ്പത്തിലും കൂടുതലായും ലഭ്യമാകുന്നു. ഇത് പരിപ്പിന്റെ ദഹനപ്രക്രിയ ആയാസപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ പ്രായമായവർക്കും കഴിക്കാവുന്ന ഉത്തമ പോഷക വിഭവമായി ഇതിനെ കണക്കാക്കാം.

മുളപ്പിച്ച കശുവണ്ടിപരിപ്പിൽ പോഷകങ്ങളായ കാൽസ്യം, അമിനോ അമ്ലങ്ങൾ, നിരോക്സീകാരികൾ തുടങ്ങിയവ വളരെ കൂടുതലാണ്. മറ്റേത് പരിപ്പിനേക്കാളും ഇരുമ്പിന്റെ അംശവും ഇതിൽ കൂടുതലാണ്. ഒരു കിലോ കശുവണ്ടിയിൽ നിന്നും ശരാശരി 250 ഗ്രാം കശുവണ്ടിപരിപ്പാണ് കിട്ടുന്നത്. എന്നാൽ ഒരു കിലോ കശുവണ്ടിയിൽ നിന്നും ശരാശരി 500 ഗ്രാം മുളയണ്ടി ലളിതമായി തയ്യാറാക്കാം. ഒരു കിലോ കശുവണ്ടിപരിപ്പിന് ശരാശരി 800 മുതൽ 1000 രൂപ വില വരുമ്പോൾ അതിന്റെ പകുതി വിലയ്ക്ക് മുളപ്പിച്ച കശുവണ്ടി ലഭ്യമാകും.

മുളപ്പിച്ച കശുവണ്ടി പരിപ്പ് സാലഡ്, മസാലകറികൾ, അച്ചാർ എന്നിവയ്ക്ക് ഉപയോഗിക്കാം.
മുളപ്പിച്ച കശുവണ്ടി തയ്യാറാക്കുന്നതിന് വൃത്തിയുള്ളതും അണുവിമുക്തമായ ഒരു അവസ്ഥ ഒരുക്കി എടുക്കണം. പ്രത്യേകം സജ്ജമാക്കിയ ടണലുകളിലെ ട്രേകളിലോ, നിയന്ത്രിത ബീജാങ്കുരണ അറകളിലോ കശുവണ്ടി മുളപ്പിക്കാം. മുളച്ച് ബീജപത്രം വിരിയുന്നതിന് മുൻപ് തന്നെ ശേഖരിക്കണം.

ഈ ഘട്ടത്തിൽ വളർച്ച ദ്രുതഗതിയിലായതിനാൽ ബീജപത്രം ശേഖരിക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണ്ടതാണ്. വിളവെടുത്ത് മുളച്ച പരിപ്പ് ഏറെ നാൾ സൂക്ഷിച്ചുവയ്ക്കാനാവില്ല. ശീതീകരിച്ച അവസ്ഥയിൽ മൂന്നോ നാലോ ദിവസം മാത്രമേ സൂക്ഷിക്കാനാകൂ. അണുവിമുക്തമായ മേന്മയേറിയ മുളപ്പിച്ച കശുവണ്ടി ചിലവ് കുറഞ്ഞ രീതിയിൽ ഉൽപ്പാദിപ്പിക്കുന്നതിനും അതിനൂതന സാങ്കേതിക വിദ്യകളാൽ സംഭരിച്ചുവയ്ക്കുന്നതിനുമുള്ള സാധ്യതകൾ കാർഷിക സർവകലാശാല, കശുമാവ് ഗവേഷണ കേന്ദ്രം, അഗ്രി ഇൻക്യൂബേഷൻ സെന്റർ എന്നിവയുടെ സഹായത്തോടെ പരിശോധിക്കുന്നുണ്ട്.

കശുമാവ് കർഷകർക്കായി കാഷ്യൂ ഇന്ത്യ മൊബൈൽ ആപ്പ്

കശുമാവ് കർഷകർക്ക് കശുവണ്ടി ഉൽപാദനവും വിപണനവും സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ‘ക്യാഷ്യു ഇന്ത്യ’ മൊബൈൽ ആപ്പുമായി കേരള കാർഷിക സർവകലാശാല. കേരള കാർഷിക സർവകലാശാലയുടെ മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രമാണ് കാഷ്യു ഇന്ത്യ മൊബൈൽ ആപ്പിന്റെ മലയാളം പരിഭാഷയുമായി രംഗത്തെത്തിയിരിക്കുന്നത്.

കാഷ്യു ഇന്ത്യ ദേശീയ കാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിൽ അഖിലേന്ത്യാ ഏകോപിത ഗവേഷണ പദ്ധതിയുടെ ഭാഗമായി കർണാടകയിലുള്ള പുത്തൂർ കശുമാവ് ഗവേഷണ ഡയറക്ടറേറ്റ് വികസിപ്പിച്ചെടുത്തതാണ് ഈ ആപ്പ്. മൊബൈൽ ആപ്പ് 11 ഭാഷകളിൽ ലഭ്യമാണ്. ഇതിന്റെ മലയാളം പരിഭാഷ മൊബൈൽ ആപ്പിലൂടെ കേരളത്തിലെ കശുമാവ് കർഷകർക്കും വികസന ഉദ്യോഗസ്ഥർക്കുമായാണ് പ്രകാശനം ചെയ്യുന്നത്. ആൻഡ്രോയ്ഡ് മൊബൈലുകളിലെ പ്ലേസ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. കൊച്ചിയിലുള്ള കശുമാവ്- കൊക്കോ വികസന ഡയറക്ടറേറ്റിന്റെ ധനസഹായത്തോടെയാണ് ഈ ആപ് തയ്യാറാക്കിയിരിക്കുന്നത്.

കശുമാവ് കൃഷി, നടീൽ വസ്തുക്കൾ, കമ്പോള വാർത്ത തുടങ്ങി എല്ലാ വിവരങ്ങളും ആപ്പിൽ വിശദമായി ചേർത്തിട്ടുണ്ട്. കൂടാതെ വിവിധ കശുമാവ് ഇനങ്ങൾ, കീടനിയന്ത്രണം, രോഗ നിയന്ത്രണം കശുമാവിന്റെ സാമ്പത്തികസ്ഥിതി, കശുമാവ് ഡയറക്ടറി, സേവനങ്ങളും പരിശീലനങ്ങളും, പ്രസിദ്ധീകരണങ്ങൾ, തുടങ്ങിയവയെല്ലാം ഈ ആപ്പിൽ ലഭ്യമാണ്. കർഷകരുടെ പൊതുവായ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും അടങ്ങിയ ഭാഗവും ഏറെ പ്രയോജനപ്രദമാണ്.