തൃശ്ശൂർ: തീരദേശത്ത് രൂക്ഷമായ വേലിയേറ്റവും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ കൊടുങ്ങല്ലൂർ താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനസജ്ജമായി. പെരിഞ്ഞനം ഈസ്റ്റ് യുപി സ്‌കൂൾ, എടവിലങ്ങ് കാര ഫിഷറീസ് സ്‌കൂൾ എന്നിവിടങ്ങളിൽ ആരംഭിച്ച ക്യാമ്പുകളിൽ മാത്രമാണ് താമസക്കാരുള്ളത്. കാര ഫിഷറീസിൽ മൂന്ന് കുടുംബങ്ങളിലായി എട്ട് പേരും പെരിഞ്ഞനം ഈസ്റ്റ് യു പി സ്‌കൂളിൽ മൂന്ന് കുടുംബങ്ങളിലായി 13 പേരുമാണ് ഉള്ളത്.

നേരത്തെ കാര സെന്റ് ആൽബനയിൽ ക്യാമ്പ് ആരംഭിച്ചിരുന്നെങ്കിലും ശനിയാഴ്ച ആളുകൾ തിരിച്ചുപോയി. പെരിഞ്ഞനം പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായതോടെയാണ് ക്യാമ്പ് ആരംഭിച്ചത്. ആറാം വാർഡിലെ താമസക്കാരായ നളിനി വാക്കട, ഗോപി പെരിങ്ങാട്ട്, പ്രകാശൻ വെങ്കിടിങ്ങിൽ, നിമിഷ് ഇരേഴത്ത്, തുടങ്ങിയവരാണ് ക്യാമ്പിൽ ഉള്ളത്.

കൊടുങ്ങല്ലൂർ നഗരസഭയിൽ ശൃംഗപുരം ബോയ്‌സ് സ്‌കൂൾ, കൊടുങ്ങല്ലൂർ ഗേൾസ് സ്‌കൂൾ, പുല്ലൂറ്റ് ലേബർ സ്‌കൂൾ, എറിയാട് പഞ്ചായത്തിൽ എറിയാട് കെ വി എച്ച് എസ്, എടതിരുത്തി പഞ്ചായത്തിൽ ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ, മതിലകം പഞ്ചായത്തിൽ സെന്റ് ജോസഫ്സ്, ഒ എൽ എഫ് സ്‌കൂൾ, ശ്രീനാരായണ പുരം പഞ്ചായത്തിൽ എം എ ആർ എം, പള്ളിനട, ആല സ്‌കൂൾ, വാസുദേവവിലാസം സ്‌കൂൾ എന്നിവിടങ്ങളിലായാണ് ക്യാമ്പ് സജ്ജീകരിച്ചിട്ടുള്ളത്.

വേണ്ടിവന്നാൽ ഓഡിറ്റോറിയങ്ങളും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങൾക്കായി സജ്ജമാണെന്ന് തഹസിൽദാർ കെ രേവ അറിയിച്ചു.
നിലവിൽ താലൂക്കിലെ എല്ലാ ഭാഗത്തും ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ആരും താമസത്തിന് എത്തിയിട്ടില്ല. ദുരിതബാധിതരായവർ ബന്ധുവീടുകളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ ക്യാമ്പുകൾ തുറക്കാൻ അധികൃതർ തയ്യാറായെങ്കിലും കോവിഡ് 19 ഭീതിയിൽ ആളുകൾ ക്യാമ്പിലേക്ക് വരാൻ തയ്യാറാകുന്നില്ല.