തൃശ്ശൂർ: അടിയന്തിര റെസ്‌ക്യൂ ഓപ്പറേഷന് സജ്ജരായി എൻ ഡി ആർ എഫ് സംഘം ചാലക്കുടിയിൽ എത്തി. കനത്ത മഴയിൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയർന്നതിന്റെയും റെഡ് അലർട്ട് ജില്ലയിൽ പ്രഖ്യാപിച്ചതിന്റെയും പശ്ചാത്തലത്തിൽ അടിയന്തിര സേവന സന്നദ്ധരായിട്ടാണ് അഞ്ചു പേരടങ്ങുന്ന എൻ ഡി ആർ എഫ് സംഘം ചാലക്കുടിയിൽ എത്തിയത്.

ചാലക്കുടി താലൂക്ക് ഓഫീസിൽ എത്തിയ സംഘം തഹസിൽദാർ ഇ.എൻ രാജുവുമായി ചർച്ച നടത്തി. തുടർന്ന് സംഘം ചാലക്കുടി മുനിസിപ്പാലിറ്റിയും സന്ദർശിച്ചു. ചെയർപേഴ്‌സൺ ജയന്തി പ്രവീൺ കുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, കൗൺസിലർമാർ, എന്നിവരുമായും ആശയ വിനിമയംനടത്തി. 2018ൽ പ്രളയം ദുരന്തം വിതച്ച പടിഞ്ഞാറെ ചാലക്കുടി, പറയംതോട്, വെട്ടുകടവ് പാലം തുടങ്ങിയ സ്ഥലങ്ങൾ സംഘം സന്ദർശിച്ചു.