മൂന്നാർ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 26 ആയി. ഇന്നലെ (9) രാവിലെ തിരച്ചിൽ പ്രവർത്തനം പുനരാരംഭിച്ചു. നാലു മണിയോടെ 9 മൃതദേഹങ്ങൾ മണ്ണിനടിയിൽ നിന്നു കണ്ടെടുത്തു. ഉച്ചവരെ സാമാന്യം തെളിഞ്ഞ കാലാവസ്ഥയായിരുന്നുവെങ്കിലും ഉച്ചയ്ക്കുശേഷം തിരച്ചിൽ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന തരത്തിൽ ശക്തമായ മഴയുണ്ടായി.
വെള്ളിയാഴ്ച കണ്ടെടുത്ത 17 മൃതദേഹങ്ങൾ രാജമല ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം അടുത്തുള്ള കായിക മൈതാനത്തോട് ചേർന്ന ഭാഗത്ത് കൂട്ട സംസ്കാരം നടത്തി. ജെ സി ബി ഉപയോഗിച്ച് തയാറാക്കിയ കുഴികളിൽ 12, 5 വീതം മൃതദേഹങ്ങൾ ബന്ധുക്കളുടെയും നാട്ടുകാരുടെയും അന്ത്യോപചാരങ്ങൾക്കു ശേഷം സംസ്കരിക്കുകയായിരുന്നു.
മണ്ണിനടിൽ ജീപ്പുകളും കാറുകളും ഇരുചക്രവാഹനങ്ങളും ഉണ്ടെന്ന് കരുതുന്നു. പലതിൻ്റെയും അവശിഷ്ടങ്ങൾ പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്. കൂടാതെ മ്ലാവ് ഉൾപ്പെടെ വന്യമൃഗങ്ങളുടെയും വളർത്തു മൃഗങ്ങളുടെയും ജഡങ്ങളും കാണപ്പെട്ടു. ഉരുൾപൊട്ടിയ ഭാഗങ്ങളിലൂടെ ശക്തമായ നീരൊഴുക്കുണ്ട്. പ്രദേശത്ത് കൂറ്റൻ പാറകൾ വന്നടിഞ്ഞിരിക്കുകയാണ്. ചിലയിടണളിൽ പത്തടിയോളം എങ്കിലും മണ്ണ് മൂടിയിട്ടുണ്ട്.
മൂന്നാർ ഇന്നലെ ഉച്ചയ്ക്ക് ശേഷം വീണ്ടും ശക്തമായ മഴയും മഞ്ഞുമാണ്. തിരച്ചിൽ ദേശീയ ദുരന്തനിവാരണ സേനയ്ക്കൊപ്പം വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരുമുണ്ട്. ഡി എഫ് ഒ മാരായ ആർ. കണ്ണൻ , ലക്ഷ്മി എന്നിവരും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി രംഗത്തുണ്ട്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാൻ ദിനേശ് എം പിള്ള, ദേവികുളം മുൻസിഫ് മജിസ്ട്രേറ്റ് ആനന്ദ് ബാലചന്ദ്രൻ, ദേവികുളം ബാർ അസോസിയേഷൻ ഭാരവാഹി എം.സി. രാജേഷ് എന്നിവരും കോടതി സ്റ്റാഫും ചേർന്ന് സ്ഥലം സന്ദർശിച്ച് ദുരിതാശ്വാസ സാമഗ്രികൾ, ഭക്ഷണം എന്നിവ പൊലീസിനു കൈമാറി.
തിരച്ചിൽ പ്രവർത്തനങ്ങൾ വരും ദിനങ്ങളിലും തുടരും
തിരച്ചിൽ പ്രവർത്തനങ്ങൾ വരും ദിനങ്ങളിലും തുടരുമെന്ന് സ്ഥലം സന്ദർശിച്ച റവന്യം മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു. വളരെ പ്രതികൂല സാഹചര്യങ്ങളിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ഇപ്പോൾ കാര്യക്ഷമായ രീതിയിലാണ് കാര്യങ്ങൾ നടക്കുന്നത്. ഏറ്റവും അപകട സാധ്യത കുറവുണ്ടെന്ന് അറിയപ്പെടുന്ന സ്ഥലത്താണ് ഇപ്പോൾ ദുരന്തമുണ്ടായിരിക്കുന്നത്. മന്ത്രിയോടൊപ്പം ഇ എസ്. ബിജിമോൾ എംഎൽഎ, കെ.കെ.ശിവരാമൻ തുടങ്ങിയവരും ഉണ്ടായിരുന്നു. രാവിലെ ജില്ലയുടെ ചുമതലയുള്ള മന്ത്രി എം എം മണി സ്ഥലം സന്ദർശിച്ച് തിരച്ചിൽ പ്രവർത്തനങ്ങൾ വിലയിരുത്തി.