സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ പൊതുവെ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ ജാഗ്രത തുടരണമെന്ന് അദ്ദേഹം പറഞ്ഞു.

എങ്കിലും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയിൽ കുറച്ച് സമയം ശക്തമായ മഴ ലഭിച്ചാൽ തന്നെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. മലയോര മേഖലയിൽ ജാഗ്രത തുടരണം.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം കേരളത്തിലെ ഓഗസ്റ്റ് മാസത്തിൽ നമുക്ക് സാധാരണ കിട്ടുന്ന ആകെ മഴ 427 മില്ലിമീറ്ററാണ്. കഴിഞ്ഞ 10 ദിവസം, അതായത് 2020 ആഗസ്റ്റ് ഒന്നു മുതൽ 10 വരെ നമുക്ക് കിട്ടിയത് 476 മില്ലിമീറ്റർ മഴയാണ്. അതായത് ഈ മാസമാകെ കിട്ടേണ്ട മഴയിൽ കൂടുതൽ 10 ദിവസം കൊണ്ട് നമുക്ക് കിട്ടി. ഇത്തരത്തിലുള്ള അതിതീവ്ര മഴ ആഗസ്റ്റ് മാസത്തിൽ കഴിഞ്ഞ മൂന്നു വർഷമായി ആവർത്തിക്കുന്ന സ്ഥിതിയാണ്.

ജലസേചന, വൈദ്യുതി വകുപ്പുകളുടെ ചില ചെറിയ അണക്കെട്ടുകൾ നിയന്ത്രിതമായ അളവിൽ ജലം പുറത്തേക്കൊഴുക്കുന്നുണ്ട്. അലേർട്ട് ലെവലിന് താഴെ എത്തിയാൽ അത് അവസാനിപ്പിക്കും. അത് വരെ അണക്കെട്ടുകളുടെ താഴെയുള്ള നദിക്കരകളിൽ താമസിക്കുന്നവർ ജാഗ്രത തുടരണം.

മഴ മാറിയതോടെ നദികളിൽ ജലനിരപ്പ് കുറയുന്നുണ്ട്. വെള്ളക്കെട്ട് രൂപപ്പെട്ട ഇടങ്ങളിൽനിന്ന് വേഗത്തിൽ തന്നെ കടലിലേക്ക് വെള്ളം ഒഴുകി പോകുന്ന സാഹചര്യമാണുള്ളത്. കേന്ദ്ര ജലകമ്മീഷന്റെ പ്രളയ മുന്നറിയിപ്പ് സംവിധാനത്തിന്റെ കണക്ക് പ്രകാരം അച്ചൻകോവിലാർ, മണിമലയാർ, മീനച്ചിൽ എന്നീ നദികളിലാണ് വാണിംഗ് നിരപ്പിൽ ജലനിരപ്പ് നിൽക്കുന്നത്.

ഇവിടങ്ങളിലും ജലനിരപ്പ് താഴുന്ന പ്രവണതയാണ് തിങ്കളാഴ്ച പകൽ കാണിക്കുന്നത്. പൊതുവിൽ സംസ്ഥാനത്ത് അപകടാവസ്ഥ കുറഞ്ഞു വരുന്ന ആശ്വാസമാണ് ഉള്ളത്. എങ്കിലും കുറച്ച് ദിവസം കൂടി ജാഗ്രത തുടരാൻ തന്നെയാണ് നിർദേശമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.