രക്ഷാപ്രവർത്തന സഹായത്തിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു

കേരളത്തിനുണ്ടായ നഷ്ടങ്ങൾ സമഗ്രമായി വിലയിരുത്തി വിശദമായ റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിലാണ് ഇക്കാര്യം അറിയിച്ചത്.

വെള്ളപ്പൊക്കത്തെ നേരിടാൻ 10 എൻഡിആർഎഫ് കമ്പനികളെ കേരളത്തിലേക്കയച്ചതിനും ഇടുക്കി രാജമലയിൽ ഉരുൾപ്പൊട്ടലുണ്ടായിടത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് എൻഡിആർഎഫ് നൽകിയ സഹായത്തിനും കരിപ്പൂരുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ ലഭ്യമാക്കിയ സഹായ സഹകരണങ്ങൾക്കും പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തി. കേരളത്തെ സംബന്ധിക്കുന്ന നിരവധി വിഷയങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു.

കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാചര്യത്തിലാണ് വെള്ളപ്പൊക്കമുണ്ടായിട്ടുള്ളത്. ഈ മഹാമാരിയോട് പൊരുതിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് വലിയ ആഘാതമാണ് ഇപ്പോഴത്തെ മഴക്കെടുതി ഉണ്ടാക്കിയിട്ടുള്ളത്. കേരളത്തിനുണ്ടായ നഷ്ടങ്ങൾ സമഗ്രമായി വിലയിരുത്തി വിശദമായ റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിക്കാമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ജല, കാലാവസ്ഥാ വകുപ്പുകളും നാഷണൽ റിമോട്ട്സെൻസിങ് സെൻററും ഏകോപിതമായി കാലാവസ്ഥാ മുന്നറിയിപ്പ് നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇതുവരെയുള്ള അനുഭവം വെച്ച് ഇത്തവണത്തെ കാലവർഷക്കെടുതിയുടെ കാഠിന്യം കുറവാണെങ്കിലും തുടർച്ചയായ മൂന്നാം വർഷമാണ് കേരളത്തിൽ ദുരന്തമുണ്ടാകുന്നത്. ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന അതിതീവ്ര മഴയെ നേരിടാൻ സാധ്യമായ എല്ലാ മുൻകരുതലുകളും തയ്യാറെടുപ്പുകളും സംസ്ഥാനം നടത്തിയിട്ടുണ്ട്. കോട്ടയം, പത്തനംത്തിട്ട, ആലപ്പുഴ, എറണാകുളം, വയനാട്, ഇടുക്കി ഇവിടങ്ങളിലാണ് അതിന്റെ അഘാതം ഏറ്റവുമധികം അനുഭവപ്പെടുന്നത്.

അപകടസാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്.
മനുഷ്യ ഇടപെടലിന്റെ ഫലമായല്ല രാജമലയിൽ ഉരുൾപ്പൊട്ടലുണ്ടായത്. ഇത്തരമൊരു ദുരന്തമുണ്ടാകാൻ സാധ്യതയുള്ള ഇടമായി അവിടം കണക്കാക്കപ്പെട്ടിരുന്നില്ല എന്നും പ്രധാനമന്ത്രിയെ അറിയിച്ചു.

കൊവിഡ് 19നെ പ്രതിരോധിക്കാൻ ഏറ്റവും മികച്ച ഇടപെടലാണ് സംസ്ഥാനം നടത്തുന്നത്. ഇപ്പോഴുള്ള 25 ശതമാനമെന്ന പരിധി ഒഴിവാക്കി കൊവിഡ് പ്രതിരോധത്തിനായി നിബന്ധനകളില്ലാതെ എസ്ഡിആർഎഫിൽ നിന്ന് തുക ഉപയോഗിക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന ആവശ്യപ്പെട്ടിട്ടുണ്ട്.

ടെസ്റ്റിങ,് ക്വാറൻറൈനിങ് എന്നിവ ഒരുക്കുന്നത് ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനങ്ങൾക്കുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഉദാരമായ സഹായം കേന്ദ്രത്തിൽ നിന്ന് പ്രതീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.