പ്രളയ ഫണ്ട് കൃത്യമായി ചെലവഴിച്ച് ജനങ്ങൾക്ക് സഹായം പരമാവധി എത്തിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
പുത്തുമലയിൽ 17 ജീവനുകളാണ് നഷ്ടമായത്. അവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം വിതരണം ചെയ്തു. 2 തമിഴ്‌നാട് സ്വദേശികൾ അടക്കമുള്ളവർക്ക് ഈ തുക വിതരണം ചെയ്തു.

96 കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ടു. ഇതിൽ 44 കുടുംബങ്ങൾക്ക് സ്ഥലം വാങ്ങി വീടു വെക്കാൻ 10 ലക്ഷം രൂപ വീതം അനുവദിച്ചു. 52 കുടുംബങ്ങൾ ഒന്നിച്ച് ഒരു കമ്യൂണിറ്റിയായി ജീവിക്കാനാണ് ആഗ്രഹം എന്നറിയിച്ചു. അതിനായി ഹർഷം പദ്ധതി ആവിഷ്‌ക്കരിച്ചു. അവിടെ മാതൃഭൂമി ചാരിറ്റബിൾ ട്രസ്റ്റ് വാങ്ങിയ ഏഴ് ഏക്കർ ഭൂമിയിലാണ് ഇവർക്കുള്ള വീട് നിർമിക്കുന്നത്. സർക്കാർ 4 ലക്ഷം രൂപ വീതം നൽകും. ഒട്ടനവധി സന്നദ്ധ സംഘടനകൾ ചേർന്ന് ബാക്കി തുക നൽക്കും.

59 ജീവനുകളാണ് കവളപ്പാറ ദുരന്തത്തിൽ നമുക്ക് നഷ്ടമായത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായമായി നാല് ലക്ഷം രൂപ വീതം നൽകിയിട്ടുണ്ട്. കവളപ്പാറയിലും സമീപ പ്രദേശങ്ങളിലും വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. വീട് നിർമ്മാണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. 67 പേർക്ക് സ്ഥലം വാങ്ങി  വീടുവെക്കാൻ പദ്ധതി തയ്യാറാക്കി. 6.7 കോടി രൂപ സർക്കാർ അനുവദിച്ചു.  ഓരോ ഘട്ടം പിന്നിടുമ്പോൾ പണം കൈമാറുകയാണ് ചെയ്യുന്നത്. 33 കുടുംബങ്ങൾക്ക് എം.എ. യൂസഫലി വീട് വച്ചു നൽകുന്നുണ്ട്.

സ്ഥലത്തിനുള്ള പണം സർക്കാർ നൽകി. വീടിനുള്ള ആദ്യ ഗഡുവും സർക്കാർ കൈമാറിയിട്ടുണ്ട്. മറ്റ് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും സർക്കാർ മുൻകൈയിൽ അവിടെ വീടുകൾ നിർമ്മിക്കുന്നുണ്ട്. ചിലത് പൂർത്തിയായി കൈമാറിയിട്ടുമുണ്ട്.
പോത്തുകല്ല് ചളിക്കൽ കോളനിയിലെ 34 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകി.

സർക്കാർ വാങ്ങിയ ഭൂമിയിൽ ഫെഡറൽ ബാങ്കാണ് വീട് നിർമ്മിച്ചത്. സർക്കാർ 1,72,31,500 കോടി രൂപ ഇതിനായി ചെലവഴിച്ചു.
ഇത്തരം ദുരന്തം നേരിട്ടവരെ സംരക്ഷിക്കുക എന്നതാണ് സർക്കാർ നിലപാട്. ഇതേ നിലപാടാണ് രാജമലയിലെ അപകടത്തിന്റെ കാര്യത്തിലും സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.