സംസ്ഥാനത്തെ കൂടുതൽ സംരംഭക സൗഹ്യദമാകുന്നതിനായി രൂപം നൽകിയ കെസ്വിഫ്റ്റ് (കേരള സിംഗിൾ വിൻഡോ ഇന്റർഫെയ്‌സ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പരന്റ് ക്ലിയറൻസസ്) എന്ന ഏകജാലക സംവിധാനം  വഴി 2547 സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് സർക്കാർ അംഗീകാര പത്രം നൽകി. എംഎസ്എംഇയ്ക്കു പുറത്ത്  361 സേവനങ്ങൾക്കുള്ള അംഗീകാരവും കെസ്വിഫ്റ്റ് വഴി നൽകിയിട്ടുണ്ട്. 717.80 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ വരുന്നത്. 2020 ജൂലൈ 22 വരെയുള്ള 2378 അപേക്ഷകളിൻമേൽ തീർപ്പു കൽപിച്ചിട്ടുണ്ട്.

ബിസിനസ് അന്തരീക്ഷം അനായാസമാക്കുന്നതിനുള്ള (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) പരിഷ്‌കരണ നടപടികളുടെ ഭാഗമായി രൂപം നൽകിയ കെസ്വിഫ്റ്റിലേക്ക് സംരംഭകർ നിക്ഷേപ നിർദ്ദേശങ്ങൾ പൊതു അപേക്ഷാഫോമിൽ സമർപ്പിച്ചാൽ മതി. സംരംഭവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കൽ, ഓൺലൈനായി പണമടയ്ക്കൽ, അപേക്ഷയുടെ തൽസ്ഥിതി നിർണയം, അന്തിമ അനുമതി പത്രം തുടങ്ങിയ സൗകര്യങ്ങളെല്ലാം കെ-സ്വിഫ്റ്റിലുള്ളതുകൊണ്ട് കാലതാമസം ഒഴിവാക്കാൻ സാധിക്കുന്നു. തിരുവനന്തപുരമാണ് സംസ്ഥാനത്ത് കെ-സ്വിഫ്റ്റ് വഴി എംഎസ്എംഇകൾക്കായി ഏറ്റവും കൂടുതൽ അപേക്ഷകൾ വന്ന ജില്ല.