പുല്ലുവിള ശാന്തിഭവൻ വൃദ്ധസദനത്തിലെ അന്തേവാസികളെ വിദഗ്ധ ചികിത്സ നൽകി കോവിഡ് മുക്തരാക്കിയ ആരോഗ്യപ്രവർത്തകരെ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെ.കെ ശൈലജ ടീച്ചറും അഭിനന്ദിച്ചു. ആശുപത്രി സൂപ്രണ്ടിന്റെയും ഡെപ്യൂട്ടി സൂപ്രണ്ടിന്റെയും നേതൃത്വത്തിൽ നടന്ന പരിചരണം മാതൃകാപരമാണെന്ന് മന്ത്രിമാർ പറഞ്ഞു.

കോവിഡ് മുക്തരായ ശാന്തി ഭവൻ അന്തേവാസികൾക്കും മന്ത്രിമാർ ആശംസകൾ നേർന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 27 അന്തേവാസികളിൽ 25 പേർ പൂർണമായും രോഗമുക്തി നേടി. രണ്ടു പേർ ഇപ്പോഴും ചികിത്സയിലാണ്. ഇവരോടൊപ്പം ചികിത്സയിൽ ഉണ്ടായിരുന്ന രണ്ട് കെയർടേക്കർമാരും രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നേടിയവരിൽ 80 വയസ്സിന് മുകളിൽ പ്രായമുള്ള അഞ്ചുപേർ ഉണ്ടായിരുന്നു.

ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സ്രവ പരിശോധന ക്യാമ്പ് ശാന്തി ഭവൻ വൃദ്ധസദനത്തിൽ സംഘിപ്പിച്ചിരുന്നു. പരിശോധനയിൽ കോവിഡ് പോസിറ്റീവായ ഇവരെ ജൂലൈ 1നാണ് ജനറൽ ആശുപത്രിയിലെ കോവിഡ് വാർഡിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.

ജില്ലയിലെ വൃദ്ധസദനങ്ങളിൽ കോവി ഡ് രോഗം പടരാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുള്ളതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പ്രത്യേക കരുതൽ നൽകുന്നതിനായി പരിരക്ഷ എന്ന പേരിൽ(റിവേഴ്സ് ക്വാററൈൻ) ബോധവത്കരണം ജില്ലയിലുടനീളം നടത്തുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ കെ.എസ്.ഷിനു അറിയിച്ചു,