പെട്ടിമുടിയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. ബുധനാഴ്ച
നടത്തിയ തിരച്ചിലില്‍ 3 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.സുമതി (55), നദിയ (10), ലക്ഷണശ്രീ (10) എന്നിവരെയാണ് ബുധനാഴ്ച കണ്ടെടുത്തത്. ഇവരുടെ സംസ്‌ക്കാര ചടങ്ങുകളും പൂര്‍ത്തീകരിച്ചു.
സുമതിയുടെ മൃതദേഹമാണ് ഇന്നലെ ആദ്യം കണ്ടെത്തിയതെങ്കിലും ഇവരെ തിരിച്ചറിയാന്‍ താമസം നേരിട്ടു. തുടര്‍ന്ന് ബന്ധുക്കളുടെയും മറ്റ് പരിചയക്കാരുടെയും സഹായത്തോടെ കണ്ടെത്തിയ മൃതദേഹം സുമതിയുടേത് തന്നെയാണെന്ന് ഉറപ്പു വരുത്തുകയായിരുന്നുവെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പറഞ്ഞു.
ഇനി ദുരന്തത്തില്‍ അകപ്പെട്ട 15 പേരെ കൂടി കണ്ടെത്താനുണ്ട്. പെട്ടിമുടിയില്‍ ബുധനാഴ്ച്ച പകല്‍ മഴമാറി നിന്നത് തിരച്ചില്‍ ജോലികള്‍ക്ക് സഹായകരമായി. ബുധനാഴ്ച ദുരന്തഭൂമിക്ക് സമീപത്തുകൂടി ഒഴുകുന്ന പുഴ കേന്ദ്രീകരിച്ചായിരുന്നു തിരച്ചില്‍ കൂടുതല്‍ ഊര്‍ജ്ജിതമായി നടന്നത്. ഈ രീതിയില്‍ നടന്ന തിരച്ചിലിലൂടെയാണ് കാണാതായവരുടെ 3 മൃതദേഹങ്ങള്‍ കൂടി ബുധനാഴ്ച കണ്ടെത്തിയത്.
ദുരന്തമുണ്ടായ പെട്ടിമുടിയില്‍ നിന്നും ഏതാനും കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഗ്രാവല്‍ ബങ്കില്‍ വീടുകളുടെയും വാഹനങ്ങളുടെയും അവശിഷ്ടങ്ങളും വലിയ അളവില്‍ മണ്ണും മണലും വന്നടിഞ്ഞിട്ടുണ്ട്. ഇവിടേക്ക് കൂടുതല്‍ മണ്ണ് മാന്തിയന്ത്രങ്ങള്‍ എത്തിച്ച് മണല്‍ നീക്കിയും അവശിഷ്ടങ്ങള്‍ നീക്കിയും തിരച്ചില്‍ നടത്തി.
പുഴയുടെ ഇരുകരകളിലും മണ്ണ് മാന്തി യന്ത്രങ്ങളുടെ സഹായത്താല്‍ തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഗ്രാവല്‍ ബങ്കിന് താഴ് ഭാഗത്തേക്കുള്ള പുഴയോരത്തും തിരച്ചില്‍ നടത്തുന്നുണ്ട്. ലയങ്ങള്‍ സ്ഥിതി ചെയ്തിരുന്ന ദുരന്തഭൂമിയിലും ഇന്നലെ തിരച്ചില്‍ തുടര്‍ന്നു.
മണ്ണ് മാന്തിയന്ത്രങ്ങളുടെ സഹായത്താല്‍ ഇവിടെ ഏറെക്കുറെ എല്ലായിടത്തും പലതവണ മണ്ണ് നീക്കി പരിശോധന നടത്തി കഴിഞ്ഞു.കഴിഞ്ഞ രണ്ട് ദിവസമായി ഈ മേഖലയില്‍ നിന്ന് ആരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എന്‍ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്സ്, വനംവകുപ്പ് തുടങ്ങിയ വിവിധ സേനകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും വിവിധ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ പ്രതിനിധികളുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ ജോലികള്‍ പുരോഗമിക്കുന്നത്.