ഃ ഹയര്‍ സെക്കന്‍ഡറി ഹോസ്റ്റലും റിക്രിയേഷന്‍ ഹാളും ഉദ്ഘാടനം ചെയ്തു
ഃ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപും വിതരണം ചെയ്തു
പട്ടികവര്‍ഗ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍(എംആര്‍എസ്) പരവനടുക്കം സ്‌കൂള്‍ ഏറ്റവും മികച്ചതാണെന്ന് പട്ടിക ജാതി-പട്ടിക വര്‍ഗ, പിന്നോക്കക്ഷേമവകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഈ സ്‌കൂള്‍ മറ്റ് എംആര്‍എസുകള്‍ക്ക് മാതൃകയാണ്. എസ്എസ്എല്‍സിക്ക് തുടര്‍ച്ചയായി നൂറ് ശതമാനം വിജയവും പ്ലസ്ടുവിനു മികച്ച വിജയം കൈവരിക്കുന്നതും അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഹയര്‍ സെക്കന്‍ഡറി ഹോസ്റ്റല്‍ കെട്ടിടത്തിന്റെയും റിക്രിയേഷന്‍ ഹാളിന്റെയും പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ് വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടനത്തിനുശേഷം ഹോസ്റ്റല്‍ മെസില്‍ നിന്നും ഉച്ചഭക്ഷണവും കഴിച്ചശേഷമാണ് മന്ത്രി മടങ്ങിയത്.
കെ.കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ സ്വാഗതവും ജില്ല ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ പി.ടി അനന്തകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കമലാക്ഷന്‍ പലേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ ഖാദര്‍, മെമ്പര്‍ രേണുക ഭാസ്‌ക്കരന്‍, പട്ടികവര്‍ഗ വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.ശശീന്ദ്രന്‍, പട്ടികവര്‍ഗ ഉപദേശക സമിതി അംഗം ഒക്ലാവ് കൃഷ്ണന്‍, ടി.നാരായണന്‍, എം.സദാശിവന്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.രാധാകൃഷ്ണന്‍, പിടിഎ പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.