കാസർഗോഡ്: കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി തരിശായിക്കിടന്ന വയലില്‍ നെല്‍കൃഷിയിറക്കി ഗ്രാമ വികസന വകുപ്പ് ജീവനക്കാര്‍. കാസര്‍കോട് കളക്ടറേറ്റിലെ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഓഫീസിലെ ജീവനക്കാരുടെ കൂട്ടായ്മയില്‍ ചെങ്കള പഞ്ചായത്തിലെ ബാരിക്കാട് മഹാവിഷ്ണു ക്ഷേത്ര പരിസരത്തെ വയലിലെ ഒരേക്കറോളം സ്ഥലത്താണ് ഞാറുനട്ടത്.
യന്ത്രസഹായത്തോടെ നടത്തിയ ഞാറുനടീലിന് അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ചെങ്കള ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ സാജു,എ ഡിസി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ടി.വി. നാരായണന്‍, ബാരിക്കാട് മഹാവിഷ്ണു ക്ഷേത്ര സേവാ സമിതി സെക്രട്ടറി കൃഷ്ണപ്രസാദ്, പ്രസിഡന്റ് രത്‌നകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.