കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന സംരംഭ വികസന പദ്ധതിയായ സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന് ജില്ലയിൽ തുടക്കം. നെന്മാറ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിൽ നാല് വർഷത്തിനിടയിൽ കുടുംബശ്രീ വഴി രണ്ടായിരത്തോളം ബിസിനസ്സ് സംരംഭങ്ങൾ തുടങ്ങാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി പദ്ധതി റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമാണ് പദ്ധതിയുടെ ഭാഗമായി സംരംഭങ്ങൾ തുടങ്ങാനാകുക. പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സൊസൈറ്റി രൂപവത്കരിച്ചു. അഞ്ച് കോടിയോളം രൂപയാണ് ചെലവഴിക്കുക. ബ്ലോക്ക് നോഡൽ രൂപവത്കരണയോഗം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാമകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ കുടുംബശ്രീ മിഷൻ കോഡിനേറ്റർ പി.സൈതലവി, എ.ഡി.എം.സി എം.ദിനേശ്, ജില്ലാ പ്രോഗ്രാം മാനെജർ സഞ്ജയ് എന്നിവർ പങ്കെടുത്തു.
