പാലക്കാട്:  കോവിഡിന്റെ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികള്‍ സംസ്ഥാനം വിട്ടതോടെ നെല്‍പ്പാടങ്ങളില്‍ തൊഴിലാളികളെ കിട്ടാതെ വലയുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായി തൊഴില്‍ സേന രൂപീകരിച്ച് ആനക്കര കൃഷിഭവന്‍. കുടുംബശ്രീയുടെ സഹായത്തോടെ പരമ്പരാഗത വനിതാ കര്‍ഷക തൊഴിലാളികളെ കണ്ടെത്തി ഗ്രൂപ്പ് രൂപീകരിച്ചാണ് കൃഷിഭവന്‍  നെല്‍കര്‍ഷകര്‍ക്ക് താങ്ങാവുന്നത്.

സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കൃഷിഭവന്‍ നേരിട്ട്  തൊഴില്‍ സേന രൂപീകരിച്ചു ഇത്തരത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഇതുപ്രകാരം 240  തൊഴിലാളികള്‍ ആണ് കൃഷി ഭവന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരെ ഉള്‍പ്പെടുത്തി 24 തൊഴില്‍ സേന ഗ്രൂപ്പുകളും രൂപീകരിച്ചു. പാടശേഖര സമിതിയുമായി ചര്‍ച്ച ചെയ്ത് ഒരു ഏക്കര്‍ ഞാറ് പറിച്ചുനടാന്‍ 5500 രൂപയാണ് കൂലി നിശ്ചയിച്ചിരിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം മണ്ണിയം പെരുമ്പലം പാടശേഖരത്തില്‍ ഞാറു നട്ടു കൊണ്ട് ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിന്ധു രവീന്ദ്രകുമാര്‍ നിര്‍വഹിച്ചു. കോവിഡ് കാലത്ത് കര്‍ഷകര്‍ക്ക് താങ്ങാവുന്നതിനൊപ്പം വനിതകള്‍ക്കും തൊഴില്‍ നല്‍കി കൃഷിഭവന്‍ മാതൃകയാവുകയാണ്. ആനക്കര കൃഷി ഓഫീസര്‍ സുരേന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേണു മാസ്റ്റര്‍, പഞ്ചായത്തംഗം വിജയന്‍, വാര്‍ഡ് മെമ്പര്‍മാരായ സി. ടി. സെയ്തലവി, ദിവ്യ, രാജു, ചന്ദ്രന്‍, സീനിയര്‍ കൃഷി അസിസ്റ്റന്റ് സി.ഗിരീഷ്, കൃഷി അസിസ്റ്റന്റ് ഹരിപ്രിയ എന്നിവര്‍ പങ്കെടുത്തു.