നഴ്‌സുമാരടക്കമുളള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണം സംബന്ധിച്ച അവസാന വിജ്ഞാപനം മാർച്ച് 31-ന് മുമ്പ് പുറപ്പെടുവിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ശമ്പളപരിഷ്‌കരണത്തിന്റെ കരട് വിജ്ഞാപനം 2017 നവംബർ 16-നാണ് പുറപ്പെടുവിച്ചത്. ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ എത്രയുംവേഗം പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശ പ്രകാരം സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പ്രതിമാസ മിനിമം വേതനം ഇരുപതിനായിരം രൂപ ഉറപ്പുവരുത്തിക്കൊണ്ടാണ് ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നത്.

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സംഘടനാപ്രതിനിധികളുമായി സർക്കാർ നേരത്തെ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ എടുത്ത തീരുമാനപ്രകാരമാണ് വേതനപരിഷ്‌കരണം നടപ്പാക്കുന്നത്. ചേർത്തല കെ.വി.എം. ആശുപത്രിയിലെ പ്രശ്‌നം പരിഹരിക്കുന്നതിന് ലേബർ കമ്മീഷണർ 6-ന് ചൊവ്വാഴ്ച സംഘടനാപ്രതിനിധികളുമായി ചർച്ച നടത്തുന്നുണ്ട്. മിനിമം വേജസ് കമ്മിറ്റി ചൊവ്വാഴ്ച തന്നെ യോഗം ചേർന്നു വേതന പരിഷ്‌കരണത്തിൽ തുടർ നടപടികൾ സ്വീകരിക്കും.

യോഗത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി പോൾ ആന്റണി, തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്, ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, ലേബർ കമ്മീഷണർ എ. അലക്‌സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു. യോഗതീരുമാനങ്ങൾ സമരം പ്രഖ്യാപിച്ച നഴ്‌സസ് സംഘടനാപ്രതിനിധികളെ സർക്കാർ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ സമരം മാറ്റിവെയ്ക്കാൻ തീരുമാനിച്ചതായി സംഘടനാപ്രതിനിധികൾ അറിയിച്ചിട്ടുണ്ട്.