ആരോഗ്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്, താലൂക്ക് ആസ്ഥാന ആശുപത്രിയിയില്‍ പുതുതായി ആരംഭിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ഒരു കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഈ ഡയാലിസ് യൂണിറ്റില്‍ ഒരേസമയം 8 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനാകും. ചിറയിന്‍കീഴ് താലൂക്കിനകത്തും പുറത്തുമുള്ള അനേകം വൃക്കരോഗികള്‍ക്ക് ഈ ഡയാലിസിസ് കേന്ദ്രം ആശ്വാസമാകും.
120 വര്‍ഷത്തോളം പഴക്കമുള്ള ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കാനായി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബി വഴി 68 കോടി രൂപ വകയിരുത്തിയിരുന്നു. ഇതനുസരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്‍കെലിനെ ചുമതലപ്പടുത്തി ഉത്തരവായി. എം.എല്‍.എ. ഫണ്ടുള്‍പ്പെടെ 10 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് ഈ ആശുപത്രിയില്‍ പൂര്‍ത്തിയാക്കിയത്.
ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം, മുന്‍ എം.എല്‍.എ. ശരത്ചന്ദ്രപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശബ്‌നം ഡി.എസ്. എന്നിവര്‍ പങ്കെടുത്തു.