പള്ളിക്കല്‍ പഞ്ചായത്തിന് ക്ഷീരഗ്രാമം പദ്ധതി അനുവദിച്ചു: മന്ത്രി കെ. രാജു
പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിന് ക്ഷീരഗ്രാമം പദ്ധതി അനുവദിച്ചെന്ന് വനം, മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. പള്ളിക്കല്‍ പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ക്ഷീരഗ്രാമം പദ്ധതിക്കായി 50 ലക്ഷം രൂപ പഞ്ചായത്തിന് മാത്രമായി അനുവദിക്കും. മെച്ചപ്പെട്ട പ്രകടനം നടത്തുന്ന പഞ്ചായത്തുകളിലൊന്നാണ് പള്ളിക്കല്‍ പഞ്ചായത്ത്. കോവിഡ് 19 ഇനിയും ഏറെ നാള്‍ തുടരും എന്നാണ് വിദഗ്ധ അഭിപ്രായം. അതു കൊണ്ട് എല്ലാവരും മാസ്‌ക് ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് രണ്ട് നിലയുള്ള പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ്.
ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി, ജില്ലാ പഞ്ചായത്ത് അംഗം ടി. മുരുകേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സന്തോഷ്, വികസന കാര്യ ചെയര്‍പേഴ്സണ്‍ വി.സുലേഖ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.ടി. രാധാകൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കുഞ്ഞുമോള്‍ കൊച്ചു പാപ്പി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആശാ ഷാജി, മായാ ഉണ്ണികൃഷ്ണന്‍, സി പി ഐ ജില്ലാ സെക്രട്ടറി എ.പി.ജയന്‍, സിപിഐഎം ഏരിയാ കമ്മറ്റി അംഗം കെ.കുമാരന്‍, ബിജെപി ജില്ലാ സെക്രട്ടറി എം.ജി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.