കുരിയച്ചിറ നിവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനായി കുരിയച്ചിറ അറവുശാലയില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 35000 ലിറ്ററിന്‍റെ പുതിയ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് മേയര്‍ അജിത ജയരാജന്‍റെ  അധ്യക്ഷതയില്‍ ഗവ.ചീഫ് വിപ്പ് അഡ്വ.കെ.രാജന്‍ ഉദ്‌ഘാടനം ചെയ്തു.

പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചതോടെ കഴിഞ്ഞ 23 വര്‍ഷത്തെ കുരിയച്ചിറ നിവാസികളുടെ ദുരിത ജീവിതത്തിനാണ് വിരമാമിട്ടത്. ട്രീറ്റ്മെന്‍റ് പ്ലാന്‍റ് പ്രവര്‍ത്തിക്കാത്തതിന്‍റെ ഭാഗമായി രക്തം കലര്‍ന്ന മലിനജലം പരിസരവാസികളുടെ സൈര്വ ജീവിതം നഷ്ടപ്പെടുത്തുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. ഇതെല്ലാം കണക്കിലെടുത്ത് 35000 ലിറ്റര്‍ ട്രീറ്റ് ചെയ്യാവുന്ന ആധുനിക രീതിയിലുളള പ്ലാന്‍റ് നിര്‍മ്മിക്കുകയും പൊല്യൂഷന്‍ ബോര്‍ഡ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സന്ദര്‍ശിക്കുകയും ട്രീറ്റ്മെന്‍റിനു ശേഷമുളള വെളളം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.

മാലിന്യ സംസ്ക്കരണം പ്രാധാന്യത്തോടെ കണക്കിലെടുത്ത ഈ കൗണ്‍സില്‍ നിരവധി കാലാനുസൃതമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ റാഫി ജോസ്.പി, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എല്‍.റോസി, ശാന്ത അപ്പു, ഡി.പി.സി. അംഗം വര്‍ഗ്ഗീസ് കണ്ടംകുളത്തി, മുന്‍ മേയര്‍ അജിത വിജയന്‍, കൗണ്‍സിലര്‍ സതീഷ് ചന്ദ്രന്‍, ഡോ.വീണ കെ. അനിരുദ്ധന്‍, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബാലസുബ്രഹ്മുണ്യം, ബി.ജെ.പി. പ്രതിനിധി സുരേന്ദ്രന്‍ ഐനിക്കുന്നത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.