തൃശൂർ: അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ സ്‌കൂളുകൾക്ക് മാതൃകയാവുകയാണ് പൂമംഗലം പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ വടക്കുംകര ഗവ യു പി സ്‌കൂൾ. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഉപജില്ലയിലെ ആദ്യത്തെ സമ്പൂർണ ഹൈടെക് സ്കൂളായി മാറിയിരിക്കുകയാണ് വടക്കുംകര.
രണ്ടു ഘട്ടങ്ങളിലായി 1.27 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച ഹൈടെക് സ്കൂൾ വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് നാടിന് സമർപ്പിച്ചു.
നൂറ് വർഷം പിന്നിട്ട കൽപറമ്പിലെ ‘ചെറിയ സ്‌കൂൾ’ എന്ന പേരു കേട്ട വടക്കുംകര 1909 ൽ സർക്കാർ മലയാളം സ്കൂൾ എന്ന പേരിലാണ് പ്രവർത്തനമാരംഭിച്ചത്. 1990ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു. 2016 ആയപ്പോഴേക്കും അമ്പതിൽ താഴെ വിദ്യാർത്ഥികളുമായി സ്കൂൾ അടച്ചുപൂട്ടലിന്റെ വക്കിലെത്തി. തുടർന്ന് 2017ൽ സർക്കാർ പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൂമംഗലം പഞ്ചായത്ത് 65 ലക്ഷം രൂപ ചെലവഴിച്ച് നാല് ഹൈടെക് ക്ലാസ് മുറികളും ഓഫീസ് മുറിയും പണിതു. ഇപ്പോൾ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്ലാൻ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപയും പൂമംഗലം പഞ്ചായത്തിൽ നിന്നും അനുവദിച്ച രണ്ട് ലക്ഷം രൂപയും ഉപയോഗിച്ചാണ് 5 ഹൈടെക് ക്ലാസ് മുറികളുടെയും കോൺഫ്രൻസ് ഹാളിന്റെയും പണി പൂർത്തീകരിച്ചത്. 130 കുട്ടികളുടെ വർധനവാണ് സ്കൂളിൽ ഉണ്ടായിട്ടുള്ളത്. 2017- 18 അദ്ധ്യയന വർഷത്തിൽ ഡയറ്റ്, ജില്ലയിലെ ഏറ്റവും മികച്ച യുപി സ്കൂളുകളിൽ ഒന്നായി വടക്കുംകരയെ തെരഞ്ഞെടുത്തു. 2019ൽ സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ട കുട്ടികളുടെ ആർട്ട് ഗാലറിയും സ്കൂളിൽ സ്ഥാപിച്ചു. ഉപജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ ലൈബ്രറി, ക്ലാസ് മുറികളിലും ലൈബ്രറികൾ, സയൻസ് പാർക്ക്, സയൻസ് ലാബ്, ബട്ടർഫ്ലൈ പാർക്ക് എന്നിവയും ഈ കാലയളവിൽ പണിപൂർത്തീകരിച്ചാണ് ഉപജില്ലയിലെ ആദ്യത്തെ ഹൈടെക് സ്കൂളായി വടക്കുംകര മാറിയത്.
ഓൺലൈൻ പഠനം ആരംഭിച്ചില്ലായിരുന്നുവെങ്കിൽ കുട്ടികൾ അക്കാദമിക് തലത്തിൽ പുറകോട്ടു പോകുമായിരുന്നു: മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്
ജൂൺ ഒന്നുമുതൽ സംസ്ഥാന സർക്കാർ ഓൺലൈൻ പഠനം ആരംഭിച്ചില്ലായിരുന്നുവെങ്കിൽ കുട്ടികൾ അക്കാദമിക് തലത്തിൽ പുറകോട്ടു പോകുന്ന സാഹചര്യം ഉണ്ടാകുമായിരുന്നുവെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. യഥാർത്ഥ ക്ലാസ് നടത്താൻ കഴിയുന്ന സാഹചര്യം വരെ കുട്ടികളുടെ അക്കാദമിക് സജീവത നിലനിർത്താൻ ഡിജിറ്റൽ പഠനം കൊണ്ട് മാത്രമേ സാധ്യമാകൂ. കോവിഡിന്റെ സാഹചര്യത്തിൽ ഡിജിറ്റൽ പഠനം അർത്ഥവത്താക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. വടക്കുംകര ഗവ യുപി സ്കൂൾ സമ്പൂർണ്ണ ഹൈടെക് സ്കൂളായതിന്റെ പ്രഖ്യാപനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
സ്കൂളുകളുടെ ഭൗതിക സാഹചര്യം വളർത്തുന്നതിനൊപ്പം പഠിക്കുന്ന വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരവും വളർത്താൻ ശ്രമിക്കണം. ഒരു വിദ്യാലയത്തിന്റെ വളർച്ച അതിന്റെ പശ്ചാത്തല വളർച്ച മാത്രമല്ല കുട്ടികളുടെ അക്കാദമിക വളർച്ച കൂടിയാണ്. തലമുറകളെ വാർത്തെടുക്കുന്ന പ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്ന സ്ഥാപനമാണ് പ്രാഥമിക വിദ്യാലയങ്ങൾ. ഒരു ഗ്രാമത്തിന്റെ ഹൃദയമായ പ്രാഥമിക വിദ്യാലയങ്ങൾക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ ഉൾപ്പെടുത്തി ഒട്ടേറെ മാറ്റങ്ങൾ വരുത്താൻ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൂമംഗലം വടക്കുംകര ഗവ യു പി സ്‌കൂളിൽ നടന്ന ചടങ്ങിൽ കെ യു അരുണൻ എംഎൽഎ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ് മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോജി പോൾ കാഞ്ഞുതറ റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എസ് രാധാകൃഷ്ണൻ, പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് വർഷ രാജേഷ്, വൈസ് പ്രസിഡന്റ് ഇ ആർ വിനോദ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ എം കെ സിദ്ദിഖ്, ഇരിങ്ങാലക്കുട എ ഇ ഒ അബ്ദുൾ റസാഖ് എന്നിവർ പങ്കെടുത്തു.