ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഐ എസ് ഒ പദവിയിലേക്ക്. ഔദ്യോഗിക പ്രഖ്യാപനവും പുതിയതായി പ്രവര്‍ത്തനമാരംഭിച്ച പ്ലാസ്റ്റിക് ബെയിലിംഗ് യൂണിറ്റിന്റെ ഉദ്ഘാടനവും കെ സോമപ്രസാദ് എം പി നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല അധ്യക്ഷയായി.
പൊതുജനങ്ങള്‍ക്ക് പ്രയോജനമാകുന്ന തരത്തില്‍ അടിസ്ഥാന-സാങ്കേതിക സാഹചര്യങ്ങള്‍ വിപുലപ്പെടുത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് ഐ എസ് ഒ പദവിയിലെത്തിയത്.
സേവനങ്ങള്‍ക്ക് കാലതാമസം നേരിടാതിരിക്കാന്‍ ഫ്രണ്ട് ഓഫീസ് സംവിധാനം, ഫയലുകള്‍ വേഗത്തില്‍ കണ്ടെത്താന്‍ റെക്കോര്‍ഡ് റൂം, കുടിവെള്ളം, വിശ്രമിക്കാന്‍ ഇരിപ്പിടങ്ങള്‍, സ്ത്രീ സൗഹൃദ ടോയ്‌ലറ്റ്, ഭിന്നശേഷിക്കാര്‍ക്കുള്ള റാമ്പ്, എന്നിവ ബ്ലോക്കില്‍ സജ്ജമാക്കിയിട്ടുണ്ട്.
15 ലക്ഷം രൂപ വിനിയോഗിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് പരിസരത്തെ കെട്ടിടത്തില്‍ ബെയിലിംഗ് യൂണിറ്റ് സ്ഥാപിച്ചത്. ബ്ലോക്കിന് കീഴിലുള്ള അഞ്ച് പഞ്ചായത്തുകളില്‍ നിന്നും ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്‌ക്കരിക്കും. തുടര്‍ന്ന് ഈ പ്ലാസ്റ്റിക് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. പരിശീലനം ലഭിച്ച ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ക്കാണ് യൂണിറ്റിന്റെ ചുമതല.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി ജയപ്രകാശ് എന്‍ രവീന്ദ്രന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി ആര്‍ ദീപു, എം കെ ശ്രീകുമാര്‍, നിര്‍മ്മലാ വര്‍ഗീസ്, കെ സിന്ധു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീജ ഹരീഷ്, എ സുന്ദരേശന്‍, ഡി ഗിരി കുമാര്‍,ജയലക്ഷ്മി, സിന്ധു അനി, എ ആശാദേവി, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.ഐസക്, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ശ്രീകല, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.ശംഭു തുടങ്ങിയവര്‍ പങ്കെടുത്തു.
