സ്ത്രീ ശാക്തീകരണത്തിന്റെ പുതുവഴിയിൽ അയ്യായിരത്തിലധികം സ്ത്രീകളെ അണിനിരത്തി കുടുംബശ്രീ പെൺപൂവ് വിരിഞ്ഞു. വയനാട് കുടുംബശ്രീ മിഷനാണ് അന്താരാഷട്ര വനിതാ ദിനത്തിന് മുന്നോടിയായി മാനന്തവാടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ മൈതാനത്ത് ഭീമൻ പെൺപൂവ് വിരിയിച്ചത്. സാമ്പത്തിക ശാക്തീകരണം, സാമൂഹിക ശാക്തീകരണം, സ്ത്രീ ശാക്തീകരണം എന്നീ ആശയം വരുന്ന മൂന്ന് പൂക്കളുള്ള കുടുംബശ്രീ ലോഗോയാണ് കോണുകളിലും ആകാരങ്ങളിലും തെറ്റാതെ മൈതാനത്ത് ഒരുക്കിയത്.

കുടുംബശ്രീ രൂപവത്കരണത്തിന്റെ ഇരുപത് വർഷത്തോളമാകുമ്പോൾ ഇതിനായി വയാനട്ടിലെ സ്ത്രീ കൂട്ടായ്മയുടെ ഐക്യദാർഢ്യം കൂടിയാണ് പെൺപൂവ്. പരമ്പരാഗത കേരളീയ വസ്ത്രമായ സെറ്റ് സാരിയുടുത്ത് കുടുംബശ്രീ ചിഹ്നത്തിന്റെ പിങ്ക് നിറം തലയിൽ ധരിച്ചാണ് വനിതകൾ ലോഗോയിൽ അണിനിരന്നത്. തുടർന്ന് ജില്ലാ മിഷൻ തയ്യാറാക്കിയ തോൽക്കാൻ മനസ്സില്ലെന്ന സ്ത്രീ ശാക്തീകരണ ഗാനം ആലപിച്ചു. ജില്ലാ മിഷന്റെ കണക്കുകൾ പ്രകാരം 5438 വനിതകൾ ലോഗോയിൽ ഒത്തുചേർന്നു. ഇവർക്ക് പുറമെ പെൺപൂവ് കാണുന്നതിനായി ആയിരത്തിലേറെ ആളുകൾ ഗ്രൗണ്ടിൽ എത്തിയിരുന്നു. 260 അടിയിൽ വരച്ചെടുത്ത മൂന്ന് പൂക്കളിലായാണ് വനിതകൾ അണിനിരന്നത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കുടംബശ്രി പ്രവർത്തകർക്ക് സ്‌കൂൾ മൈതാനത്ത് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.വാഹന പാർക്കിങിനും കുടിവെളള വിതരണത്തിനുമായി പ്രത്യേക സൗകര്യങ്ങൾ ഉണ്ടായിരുന്നു. ലഘുഭക്ഷണവും കുടിവെളളവും വിതരണം ചെയ്യുന്നതിനായി ന്യൂട്രിമിക്‌സ് യൂണിറ്റിലെ അംഗങ്ങൾക്ക് ചുമതല നൽകിയിരുന്നു. ഇതിനായി ഏഴ് കൗണ്ടറുകളും ഗ്രൗണ്ടിൽ പ്രവർത്തിച്ചിരുന്നു.

മാനന്തവാടി നഗരസഭാ ചെയർമാൻ വി.ആർ. പ്രവീജ്, നഗരസഭാ വൈസ് ചെയർമാൻ പ്രദീപ ശശി, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി. സാജിത, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമൻ, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശാരദ സജീവൻ, എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ, നഗരസഭാ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.ടി. ബിജു, തവിഞ്ഞാൽ പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്‌സൺ കെ.ഷബിത തുടങ്ങിയവർ സംസാരിച്ചു.