കുട്ടികൾക്കെതിരായ ലൈംഗീക അതിക്രമങ്ങളിൽ നീതി നടപ്പിലാക്കിയാൽ മാത്രംപോരാ അതു നടപ്പിലാക്കുന്നുവെന്നു സമൂഹത്തിനു ബോധ്യമുണ്ടാകണമെങ്കിൽ മാധ്യമങ്ങളുടെ ശക്തമായ ഇടപെടൽ ആവശ്യമാണെന്നു കാസർകോട് അഡീഷണൽ ജില്ല ആന്റ് സെഷൻസ് ജഡ്ജി പി.എസ് ശശികുമാർ പറഞ്ഞു. കുട്ടികളെ ലൈംഗീകമായി ഉപദ്രവിക്കുന്നവർക്കു നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ കോടതി വിധിക്കുന്നുണ്ട്. എന്നാൽ ഇത് വേണ്ടരീതിയിൽ വാർത്തയാകുന്നില്ല. പ്രതികൾ അറസ്റ്റിലാകുമ്പോൾ നൽകുന്ന വാർത്താപ്രാധാന്യം അവർക്ക് ശിക്ഷ വിധിക്കുമ്പോഴും മാധ്യമങ്ങൾ നൽകാൻ തയ്യാറാകണം. എന്നാൽ മാത്രമേ കുട്ടികൾക്കെതിരായ ലൈംഗീക ചൂഷണം തടയുവാൻ കഴിയു. ഇക്കാര്യത്തിൽ മാധ്യങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബിൽ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് കാസർകോട് പ്രസ് ക്ലബിന്റെ സഹകരണത്തോടെ നടത്തിയ ലൈംഗീക അതിക്രമങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം(പോക്സോ) സംബന്ധിച്ചു മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലൈംഗീക ഉപദ്രവങ്ങൾക്ക് ഇരയാകുന്ന പെൺകുട്ടി, കുറ്റവാളിക്കെതിരെ ധൈര്യപൂർവം മൊഴിനൽകിയാൽ പിന്നീട് ആ കുട്ടിക്ക് ജീവിതത്തിൽ ആരിൽ നിന്നും ഒരു നോട്ടം കൊണ്ടുപോലും ഉപദ്രവമുണ്ടാകില്ല. പെൺകുട്ടി ധൈര്യപൂർവം നിന്നാൽ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. പീനൽ നിയമങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളതാണു പോക്സോ നിയമം. കുട്ടികൾക്കെതിരെ ലൈംഗീക അതിക്രമങ്ങൾ ചെയ്യുന്ന കുറ്റവാളികൾക്ക് നൽകുന്ന കഠിനശിക്ഷയെക്കുറിച്ചു സമൂഹത്തിന് അവബോധമുണ്ടാക്കുവാൻ മാധ്യങ്ങളുടെ ഇടപെടലിലൂടെ മാത്രമേ കഴിയു. ഇങ്ങനെ വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ അറിയാതെപോലും സമൂഹം കുട്ടിയെ തിരിച്ചറിയുന്ന രീതിയിൽ വാർത്ത വരാതിരിക്കുവാനും മാധ്യമപ്രവർത്തകർ ശ്രദ്ധിക്കണമെന്നും ജില്ലയിൽ പോക്സോയുടെ ചുമതലകൂടി വഹിക്കുന്ന അദ്ദേഹം പറഞ്ഞു. പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികൾ ലൈംഗീക അതിക്രമത്തിന് ഇരയായതായി വിവരം ലഭിച്ചാൽ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതെ മറച്ചുവച്ചാൽ ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് കാസർകോട് സബ് ജഡ്ജിയും ഡിഎൽഎസ്എ സെക്രട്ടറിയുമായ ഫിലിപ്പ് തോമസ് പറഞ്ഞു. പ്രസ് ക്ലബിൽ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് കാസർകോട് പ്രസ് ക്ലബിന്റെ സഹകരണത്തോടെ നടത്തിയ പോക്സോ മാധ്യമ ശില്പശാലയിൽ ‘പോക്സോ നിയമം എന്ത്, എന്തിന്’ എന്ന വിഷയത്തിൽ ക്ലാസ് എടുക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്കെതിരായ ഏതു ലൈംഗീക ഉപദ്രവവും ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഈ അതിക്രമങ്ങളെക്കുറിച്ച് ആർക്കെങ്കിലും വിവരം ലഭിച്ചാൽ അത് 24 മണിക്കൂറിനുള്ളിൽ പോലീസിനെയോ സ്പെഷൽ ജുവനൈൽ പോലീസ് യുണിറ്റിനെയോ മറ്റ് ബന്ധപ്പെട്ട അധികാരികളെയോ അറിയിച്ചിരിക്കണം. വിവരം ആരെയും അറിയിക്കാതെ മറച്ചുവച്ചാൽ ആറു മാസം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റമാണത്. 2007-ലെ കണക്കുപ്രകാരം നമ്മുടെ രാജ്യത്ത് 52 ശതമാനത്തോളം കുട്ടികൾ വിവിധതരത്തിലുള്ള ലൈംഗീക ചൂഷണങ്ങൾക്ക് ഇരയാകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ 2012-ൽ പോക്പോ നിയമം പ്രാബല്യത്തിൽ വരുന്നത്. പോക്സോ നിയമപ്രകാരം കുറ്റവാളികൾക്ക് മൂന്നുവർഷം മുതൽ ജീവപര്യന്തം വരെ കഠിനതടവ് ലഭിക്കുന്നുണ്ട്. കുറ്റം തെളിയിക്കപ്പെടുന്ന ഒരാൾപോലും രക്ഷപ്പെടുന്നില്ല. കുട്ടികളെ ലൈംഗീക അതിക്രമങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിൽ അത്ര ശക്തമാണു പോക്സോ നിയമം. ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങളും കൂടുതൽ ശ്രദ്ധിക്കണം. അല്ലെങ്കിൽ ശിക്ഷ ലഭിക്കുന്നതിനുവരെ കാരണമാകും. ലൈംഗീക അതിക്രമത്തിന് ഇരയാകുന്ന കുട്ടികളുടെ പേര്, വിലാസം, ഫോട്ടോ, സ്‌കൂൾ, കുട്ടിയെ മനസിലാക്കുവാൻ കഴിയുന്ന തരത്തിലുള്ള മറ്റ് എന്തെങ്കിലും വിവരങ്ങൾ എന്നിവ വാർത്തയിൽ വന്നാൽ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കുട്ടിയുടെ പിതാവാണു പ്രതിയെങ്കിൽ അയാളുടെ വിവരങ്ങൾ വാർത്തയായി നൽകിയാലും കുട്ടിയെ തിരിച്ചറിയുന്നതിനു കാരണമാകും. അതുകൊണ്ടുതന്നെ ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ കൂടുതൽ ജാഗ്രതപുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ഒരാൾക്കെതിരായ അപകീർത്തികരമായ വാർത്തയിൽ പോലീസിന് സ്വമേധയ കേസ് എടുക്കാൻ അവകാശമില്ലെന്നും അങ്ങനെ പോലീസ് ചെയ്യുകയാണെങ്കിൽ അത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ സംരക്ഷണത്തിനും അവകാശത്തിനും സുരക്ഷയ്ക്കുവേണ്ടി മാത്രം 20 നിയമങ്ങളുള്ള രാജ്യമാണു നമ്മുടേതെന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ പി.ബിജു പറഞ്ഞു. കുട്ടികളുടെ ഉത്തമതാൽപര്യം പരിഗണിച്ച് അവരെ മികച്ച പൗരന്മാരാക്കി വളർത്തുന്നതിന് സാഹചര്യമുണ്ടാക്കേണ്ടത് മാധ്യമങ്ങൾ ഉൾപ്പെടെയുള്ള പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ലൈംഗീക അതിക്രമത്തിന് ഇരയാകുന്ന കുട്ടികളെ തിരിച്ചറിയുന്ന തരത്തിൽ വിവരങ്ങൾ അറിയാതെയാണെങ്കിലും ചിലർ വാട്ട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെ ഷെയർചെയ്യുന്നുണ്ട്. ഇത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ലൈംഗീക അതിക്രമത്തിന് ഇരയാകുന്ന കുട്ടിയിൽ നിന്നും വിവരങ്ങൾ തേടുമ്പോൾ അവരുടെ മാനസികാവസ്ഥയിൽ നിന്നുകൊണ്ടു ചിന്തിച്ചുപെരുമാറുവാൻ മാധ്യമപ്രവർത്തകർക്ക് കഴിയണം. ഇത്തരം സാഹചര്യങ്ങളിൽ ഒരു രക്ഷിതാവിന്റെ മനസോടെ റിപ്പോർട്ട് ചെയ്യാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പോക്സോ ശില്പശാലയിൽ ‘ബാലാവകാശങ്ങളും മാധ്യമ ധർമ്മവും’ എന്ന വിഷയത്തിൽ ക്ലാസ് എടുക്കുകയായിരുന്നു പി.ബിജു. പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.വി സുഗതൻ സ്വാഗതവും അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ സി.ടി ജോൺ നന്ദിയും പറഞ്ഞു. സമൂഹം വ്യക്തിഗതമായി ചുരുങ്ങുമ്പോഴാണ് അതിക്രമങ്ങളുണ്ടാകുന്നതെന്ന് ജില്ലാകളക്ടർ ജീവൻബാബു കെ പറഞ്ഞു. ഏതോ ഒന്നിനെ ഭയപ്പെടുന്ന രീതിയിലുളള സമൂഹമാണ് ഇന്നുളളത്. ഇത് മാറണമെങ്കിൽ പരസ്പരം ഇടപെടുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടണമെന്നും ജില്ലാകളക്ടർ പറഞ്ഞു. പ്രസ് ക്ലബിൽ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് കാസർകോട് പ്രസ് ക്ലബിന്റെ സഹകരണത്തോടെ നടത്തിയ പോക്സോ മാധ്യമ ശില്പശാലയിൽ ലൈംഗീക അതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ നിയമവും സമൂഹധർമവും എന്ന വിഷയത്തിൽ പൊതുസംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. കുട്ടികൾ പലപ്പോഴും തങ്ങളുടേതല്ലാത്ത തെറ്റുകൾക്ക് ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്നുണ്ടെന്നും അവരുടെ നഷ്‌കളങ്കത ചോദ്യം ചെയ്യപ്പെടുകയാണെന്നും ജില്ലാ പോലീസ് മേധാവി കെ.ജി സൈമൺ പറഞ്ഞു. കുറ്റവാളികളെ ഒതുക്കുകയല്ല അവർക്ക് അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കുകയാണ് വേണ്ടതെന്നും മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ച അദ്ദേഹം പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.വി സുഗതൻ അധ്യക്ഷത വഹിച്ചു. ജില്ലാ ചൈൽഡ്വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ മാധുരി.എസ് ബോസ് മുഖ്യപ്രഭാഷണം നടത്തി. കോളമിസ്റ്റും സാമൂഹികപ്രവർത്തകനുമായ നാരായണൻ പേരിയ, മുതിർന്ന മാധ്യമപ്രവർത്തകൻ വി.വി പ്രഭാകരൻ, ചൈൽഡ്ലൈൻ കോ ഓർഡിനേറ്റർ എം. ഉദയകുമാർ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി മധു മുതിയക്കാൽ എന്നിവർ സംസാരിച്ചു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി വിനോദ് പായം സ്വാഗതവും സണ്ണിജോസഫ് നന്ദിയും പറഞ്ഞു.