മണലിന്റെയും പാറയുടെയും ക്ഷാമം പരിഹരിച്ച് നിർമ്മാണ മേഖല സജീവമാക്കാൻ സർക്കാർ എടുക്കുന്ന നടപടികൾ ഫലമുണ്ടാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്ഷാമത്തിന് അല്പം അയവ് വന്നിട്ടുണ്ട്. ക്ഷാമം പരിഹരിക്കാനുളള നടപടികൾ സർക്കാർ ഊർജിതമാക്കുമെന്ന് തൊഴിലാളി സംഘടനാ നേതാക്കൾക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി. നിർമ്മാണ മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വ്യവസായ മന്ത്രി എ.സി. മൊയ്തീൻ, തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ലോറിയിൽ കൊണ്ടുപോകുന്ന മണൽ തടഞ്ഞുവെക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മണലെടുക്കുന്ന കടവുകളിലാണ് ഇത് സംബന്ധിച്ച പരിശോധന നടക്കുന്നത്. അവിടെ നിന്ന് അനുമതിയോടെ കൊണ്ടുപോകുന്ന മണൽ ഒരു കാരണവശാലും തടഞ്ഞുവെക്കാൻ പാടില്ല. അയൽ സംസ്ഥാനങ്ങളിൽനിന്ന് മണൽ കൊണ്ടുവരുന്നതിന് തടസ്സം സൃഷ്ടിക്കാൻ പാടില്ല. വിദേശത്തുനിന്ന് മണൽ കൊണ്ടുവരുന്നതിന് ഇപ്പോൾ നിയമപരമായ തടസ്സങ്ങളൊന്നുമില്ല. വിദേശ മണൽ ഇറക്കുമതി പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഡാമുകളിൽ നിന്ന് മണൽ എടുക്കുന്നതിനുളള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഡാമുകളിൽ നിന്ന് എത്രത്തോളം മണൽ എടുക്കാൻ കഴിയും എന്നത് സംബന്ധിച്ച കണക്കെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഇത് എത്രയും വേഗം പൂർത്തിയാക്കും. മണൽ എടുക്കുന്നതിന് പൊതുമേഖലാ കമ്പനികളെ നിയോഗിക്കുന്ന കാര്യവും പരിഗണിക്കും. അനുമതി പ്രകാരം പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ പരാതി ലഭിച്ചാൽ ഉടനെ സ്റ്റോപ്പ് മെമ്മോ കൊടുക്കുന്ന രീതി പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. തോട്ടഭൂമികളിൽ നിന്ന് പരിസ്ഥിതിക്ക് ആഘാതമില്ലാതെ മണലെടുക്കാൻ കഴിയുമോ എന്ന് പരിശോധിക്കും. എം-സാൻഡ് ഉൾപ്പടെയുളള ക്വാറി ഉൽപ്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നത് തടയാനുളള നടപടികൾ വ്യവസായ വകുപ്പ് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ വ്യവസായ സെക്രട്ടറി സഞ്ജയ് കൗൾ, ലേബർ കമ്മീഷണർ എ. അലക്‌സാണ്ടർ, മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടർ സി.കെ. ബൈജു, തൊഴിലാളി സംഘടനാ പ്രതിനിധികളായ എളമരം കരീം, കെ.പി. സഹദേവൻ (സിഐടിയു), ആർ. ചന്ദ്രശേഖരൻ, പി.ജെ. ജോസഫ് (ഐ.എൻ.ടി.യു.സി) തുടങ്ങിയവർ പങ്കെടുത്തു.