പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ പ്രതിഭ പിന്തുണ പദ്ധതിയിലൂടെ പട്ടികജാതി വിഭാഗം യുവകലാപ്രവര്‍ത്തകര്‍ക്കുള്ള ധനസഹായ വിതരണം ജില്ലാ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി നിര്‍വഹിച്ചു. കലാരംഗത്ത് പ്രതിഭ തെളിയിച്ച പട്ടികജാതി വിഭാഗം യുവജനങ്ങള്‍ക്ക് അതത് മേഖലകളില്‍  തൊഴില്‍ കണ്ടെത്തുന്നതിന് പിന്തുണ നല്‍കുക ലക്ഷ്യമിട്ട് പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്്. 28 കലാപ്രതിഭകള്‍ക്കായി 25 ലക്ഷം രൂപയാണ് ആകെ ധനസഹായമായി നല്‍കുക. ഇതില്‍  ആദ്യഘട്ടത്തില്‍  കഥകളി, നൃത്തം, നാടന്‍കല, പാരമ്പര്യകല, ചെണ്ട എന്നീ വിഭാഗങ്ങളിലായി ആറ് പേര്‍ക്ക് 6,80000 രൂപയാണ് വിതരണം ചെയ്തത്.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പട്ടികജാതിവിഭാഗക്കാരായ യുവ കലാകാരാര്‍ക്കുള്ള ദ്യോപകരണങ്ങളുടെ രണ്ടാംഘട്ട  വിതരണം അഡ്വ.കെ.ശാന്തകുമാരി നിര്‍വഹിക്കുന്നു

.ഓരോരുത്തരുടേയും കലാവാസനയ്ക്കനുസരിച്ചാണ് ആവശ്യമായ തുക നല്‍കുന്നത്. പട്ടികജാതി വിഭാഗത്തെ പിന്തുണക്കുന്നതോടൊപ്പം സാമ്പത്തികമായ പ്രയാസം കൊണ്ടുമാത്രം കലാരംഗത്ത് തൊഴില്‍ കണ്ടെത്താന്‍ കഴിയാതെ വരുന്ന കലാപ്രവര്‍ത്തകരുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുകയാണ് ജില്ലാപഞ്ചായത്ത് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പരിപാടിയില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പട്ടികജാതിവിഭാഗം  യുവ കലാകാരാര്‍ക്കുള്ള വാദ്യോപകരണങ്ങളുടെ രണ്ടാംഘട്ട  വിതരണവും നടന്നു.   ജില്ലാ പഞ്ചായത്ത് പട്ടികജാതി വിഭാഗം കലാകാരന്‍മാര്‍ക്ക് രണ്ട്ഘട്ടങ്ങളിലായി 50 ലക്ഷം രൂപയുടെ വാദ്യോപകരണങ്ങളാണ്  വിതരണം ചെയ്തത് .ആദ്യഘട്ടത്തില്‍ 18 ടീമുകള്‍ക്കും, രണ്ടാംഘട്ടത്തില്‍ പത്ത് ടീമുകള്‍ക്കുമാണ് വാദ്യോപകരണങ്ങളുടെ വിതരണം നടത്തിയത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സുരേഷ് , ജില്ല പട്ടികജാതി വികസന ഓഫീസര്‍ ഷീജ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി  പ്ി. അനില്‍കുമാര്‍, വിവിധ കലാകാരന്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍  പങ്കെടുത്തു.